• Fri. Jul 18th, 2025

24×7 Live News

Apdin News

20 ദിവസങ്ങള്‍ക്ക് ശേഷം തന്റെ സീറ്റില്‍ വി.സി ; മോഹന്‍കുന്നുമ്മേല്‍ ഒടുവില്‍ കേരളാ സര്‍വകലാശാലയിലെത്തി

Byadmin

Jul 18, 2025


തിരുവനന്തപുരം: വന്‍ തര്‍ക്കങ്ങളും നാടകീയരംഗങ്ങളും കണ്ട കേരളാസര്‍വകലാശാലയിലേക്ക് ദിവസങ്ങള്‍ നീണ്ട അവധി അവസാനിപ്പിച്ച് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ എത്തി. രജിസ്ട്രാറുമായി വലിയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വിവാദത്തിലാകുകയും ചെയ്ത വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ 20 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വകലാശാലയില്‍ കാലുകുത്തുന്നത്. എസ്എഫ്‌ഐ യുടെ കനത്ത പ്രതിഷേധം കണക്കിലെടുത്ത് അതിശക്തമായ പോലീസ് സംവിധാനമാണ് സര്‍വകലാശാലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയത്.

രാവിലെ 10 മണിയോടെയാണ് വി.സി. സര്‍വകലാശാലയില്‍ എത്തിയത്. എസ്എഫ്‌ഐക്കാര്‍ പ്രതിഷേധിക്കുമെന്നും തന്റെ കാലുകള്‍ വെട്ടുമെന്നും തനിക്ക് പോലീസ് പ്രൊട്ടക്ഷന്‍ നല്‍കണമെന്നുമാണ് നേരത്തേ വി.സി. വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് സര്‍വകലാശാലയിലേക്ക് എത്തിയ വി.സി.യ്ക്ക് ഒരിടത്തും എസ്എഫ്‌ഐ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നില്ല. അതേസമയം തന്നെ വി.സി. നിയോഗിച്ചതും സിന്‍ഡിക്കേറ്റ് നിയോഗിച്ചതുമായ രണ്ടു രജിസ്ട്രാര്‍മാരും സര്‍വകലാശാലയിലുണ്ടെന്നതാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്ന അപൂര്‍വ്വത.

നേരത്തേ മോഹന്‍കുന്നുമ്മേല്‍ സസ്‌പെന്റ് ചെയ്യകയും സിന്‍ഡിക്കേറ്റ് തിരിച്ചെടുക്കുകയും ചെയ്ത അനില്‍കുമാറും വി.സി. താല്‍ക്കാലിക ചുമതല നല്‍കിയ മിനി സി കാപ്പനും രജിസ്ട്രാര്‍ ഓഫീസിലുണ്ട്. കഴിഞ്ഞദിവസം മിനിസി കാപ്പന അക്കാദമി കൗണ്‍സില്‍ വിളിക്കാനുള്ള അധികാരം വി.സി. നല്‍കിയിരുന്നു. നേരത്തേ അനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ ഒപ്പിടാതെ വി.സി. മടക്കി അയയ്ക്കുകയും മിനി കാപ്പന്‍ നല്‍കുന്ന ഫയലുകള്‍ മാത്രം ഒപ്പിടുകയും ചെയ്തിരുന്നു. ഇത് മൂലം സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി 2000 ഫയലുകളാണ് തീര്‍പ്പാകാതെ കുരുങ്ങിക്കിടക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് വി.സി. തടയേണ്ട എന്ന നിലപാട് എസ്എഫ്‌ഐ എടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നമായതിനാലാണ് പ്രതിഷേധം വേണ്ടെന്ന് നിലപാട് എടുക്കുകയും ചെയ്തത്.

മാര്‍ക്ക്‌ലിസ്റ്റുകള്‍, പ്ലാനിംഗ് ഫണ്ടുകള്‍, കോഴ്‌സുകള്‍ തുടങ്ങി പ്രതിഷേധങ്ങളെല്ലാം തിരിച്ചടിയാകുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണെന്ന വിലയിരുത്തലിലാണ് തല്‍ക്കാലം പ്രതിഷേധങ്ങള്‍ നിര്‍ത്തിവെയ്ക്കാമെന്ന നിലപാടിലാണ് എസ്എഫ്‌ഐ. റഷ്യന്‍ പര്യടനത്തിന് പോയ മോഹന്‍കുന്നുമ്മേല്‍ അതിന് ശേഷം നാട്ടിലെത്തിയിട്ടും സര്‍വകലാശാലയിലേക്ക് എത്തിയിരുന്നില്ല. എസ്എഫ്‌ഐ പ്രതിഷേധം ഭയന്ന് വീട്ടിലിരിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞതോടെ കനത്ത പോലീസ് സുരക്ഷയിലാണ് ഇന്ന് സര്‍വകലാശാലയിലേക്ക് എത്തിയിരിക്കുന്നത്.

By admin