ഇന്നോ നാളെയോ മരിക്കും എന്ന് ഏതാണ്ട് ഉറപ്പുണ്ടായിരുന്ന രണ്ടു പേരായിരുന്നു എംടിയും വിഎസും. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത. പക്ഷെ മരിച്ചു എന്ന് കേട്ടനിമിഷം എന്തോ ഒരു ശൂന്യത വന്ന് നിറയുന്ന പോലെ ആയിരുന്നു. 20 വര്‍ഷമായി ഒന്നുമെഴുതാത്ത എംടിയും ആറേഴ് വര്‍ഷമായി രംഗത്തില്ലാത്ത വിഎസും. എന്നിട്ടും അതുറപ്പിച്ച നിമിഷം മുതല്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ തുടരാനാവാത്ത അവസ്ഥയുണ്ടായതായി മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ചില മരണങ്ങള്‍ കരയിക്കും.
ചില മരണങ്ങള്‍ കൊതിപ്പിക്കും.
ഇഎംഎസിന്റെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്ന അമ്പറ വയലില്‍ ചേട്ടന്മാരടിക്കുന്ന ബൗണ്ടറികള്‍ക്ക് ബോള് പെറുക്കാന്‍ നില്‍ക്കുവായിരുന്നു. കളിക്കാന്‍ മോശമായതു കൊണ്ട് ടീമിലെടുത്തില്ല. അന്ന് പതിനൊന്ന് വയസ് ആയിട്ടില്ല എനിക്ക്. എന്നാലും മരിച്ചത് ഇഎംഎസ് ആണെന്നും ഭയങ്കര വലിയ ആളാണെന്നും അറിയാം.
നായനാര്‍ മരിക്കുമ്പോള്‍ +2 കഴിഞ്ഞുള്ള വെക്കേഷനാണ്. അടുത്ത് എന്ത് എന്ന കണ്‍ഫ്യൂഷനടിച്ച് നടക്കുന്ന കാലം. അന്ന് അനുരാജിന്റെ വീട്ടിലെ ടീവിക്ക് മുമ്പിലിരുന്ന് നയനാരുടെ വിലാപയാത്ര കുറേ നേരം കണ്ടു. ഉച്ചയ്ക്ക് വീട്ടില്‍ പോയി ചോറ് കഴിച്ചിട്ട് വീണ്ടും വന്നിരുന്ന് കണ്ടു. വലിയ കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യര്‍ ശരിക്കും മരിക്കുന്നില്ല എന്ന ചിന്ത ആദ്യമായി മനസില്‍ കയറിയത് ആ കാഴ്ചകള്‍ കണ്ടപ്പോഴാണ്.
ഇതുപോലെ അത്ഭുതത്തോടെ കണ്ട വിലാപയാത്ര ആയിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. എല്ലാതരം മനുഷ്യരെയും ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു, അവരത് ഓര്‍ക്കുന്നു, ചിന്തയിലും പ്രവൃത്തിയിലും ആ നന്ദി അവര്‍ കാത്തു സൂക്ഷിക്കുന്നു എന്നതൊക്കെ എന്തൊരു വലിയ കാര്യമാണെന്നാണ് അന്ന് ചിന്തിച്ചത്. ജീവിതത്തിന്റെ നിറവ് മരണശേഷമുള്ള ആ യാത്രയില്‍ തെളിഞ്ഞ് കാണാം.
ഇന്നോ നാളെയോ മരിക്കും എന്ന് ഏതാണ്ട് ഉറപ്പുണ്ടായിരുന്ന രണ്ടു പേരായിരുന്നു എം.ടി.യും വി.എസും. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത. പക്ഷെ മരിച്ചു എന്ന് കേട്ടനിമിഷം എന്തോ ഒരു ശൂന്യത വന്ന് നിറയുന്ന പോലെ ആയിരുന്നു. 20 വര്‍ഷമായി ഒന്നുമെഴുതാത്ത എംടിയും ആറേഴ് വര്‍ഷമായി രംഗത്തില്ലാത്ത വിഎസും. എന്നിട്ടും അതുറപ്പിച്ച നിമിഷം മുതല്‍ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ തുടരാനാവാത്ത അവസ്ഥ. വലിയ സങ്കടമൊന്നും അല്ലെങ്കിലും വേണ്ടപ്പെട്ട ആരോ ഇനിയില്ലാ എന്ന തിരിച്ചറിയല്‍. ഒരു മിസിംഗ് ഫീല്‍.
ആ ഫീല്‍ ഭൂരിപക്ഷം മലയാളികളും ഇപ്പോള്‍ ഒരുപോലെ അനുഭവിക്കുന്നുണ്ടാവും. മിസിംഗ് സംതിംഗ്. മിസിംഗ് സംവണ്‍.
എനിക്ക് ശരിക്കും മരിക്കാനല്ല, ആരുമറിയാതെ മാഞ്ഞു പോകാനാണ് ഇഷ്ടം. എന്നാലും കഴിഞ്ഞ അമ്പത് മണിക്കൂറായി ഒരാളുടെ മരണം കാണുന്നു. മരണമല്ല, മരണശേഷമുള്ള ആ ജീവിതം കാണുന്നു. അത്തരമൊരു മരണാനന്തര ജീവിതം ആരാണ് കൊതിക്കാത്തത്.
ബൈ ബൈ വി എസ്
ചില മരണങ്ങള്‍ കരയിക്കും.
ചില മരണങ്ങള്‍ കൊതിപ്പിക്കും.
ചിലത് രണ്ടും കൂടിയും. ????