ന്യൂദല്‍ഹി: 2026 മാര്‍ച്ചോടെ നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കുമെന്ന് ആണയിട്ടിരിക്കുന്ന അമിത് ഷായെ വെല്ലുവിളിച്ച് ഭാരത് ബന്ദ് പ്രഖ്യാപിച്ച് നക്സലൈറ്റുകള്‍. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങലില്‍ ആഗസ്ത് 3ന് ഭാരതബന്ദ് ആചരിക്കുമെന്നാണ് സിപിഐ(മാവോയിസ്റ്റ്) ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ക്ക് സാന്നിധ്യമുള്ള ബീഹാര്‍, ഛത്തീസ് ഗഡ്, ജാര്‍ഖണ്ഡ്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് ബന്ദ്. അസമില്‍ പോപ്പുലര്‍ ഫ്രണ്ടിന് സമാനമായ ഇസ്ലാമികമതമൗലിക സംഘടനകള്‍ ശക്തമായതിനാല്‍ ഇവിടെ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വ്യാജ ഐഡി വഴി വോട്ടവകാശം ഉണ്ടാക്കാനുള്ള ലാലുപ്രസാദ് യാദവിന്റെയും മകന്‍ തേജസ്വി യാദവിന്റെയും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന്റെയും എന്‍ജിഒ കളുടെയും സംയുക്ത ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പൊളിച്ചിരിക്കുകയാണ്. മിക്ക പ്രീ പോള്‍ സര്‍വ്വേകളും ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎയ്‌ക്ക് മൃഗീയ ഭൂരിപക്ഷം പ്രഖ്യാപിച്ചിരിക്കേ മിക്കവാറും ഇവിടെയും സാമൂഹ്യവിരുദ്ധശക്തികള്‍ അട്ടിമറികള്‍ സൃഷ്ടിച്ചേ്ക്കുമെന്ന് സൂചനകളുണ്ട്.
ഇന്‍റലിജന്‍സ് ഏജന്‍സികളുടെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ബന്ദില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ നിസ്സാരമായിരുന്നില്ല. ഇതിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പുകള്‍ സര്‍ക്കാരിന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്. അതേ സമയം ഛത്തീസ് ഗഡ്, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും ഇവിടെയും കര്‍ശനമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തന്നെയാണ് തീരുമാനം.
ഇന്ത്യയെ 2026 മാര്‍ച്ചോടെ നക്സല്‍ മുക്തമാക്കാന്‍ ഓപ്പറേഷന്‍ കാഗര്‍ എന്ന പേരിലുള്ള അമിത് ഷായുടെ ദൗത്യം പുരോഗമിക്കുകയാണ്. നക്സലൈറ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങുകയാണ്. എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ സേനയുടെയും വിദഗ്ധപരിശീലനം ലഭിച്ച പൊലീസ് സംഘത്തിന്റെയും ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്യുകയാണ്. മാവോയിസ്റ്റുകളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ തെലുങ്കാനയിലെ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖററാവു പരസ്യഏതിര‍്പ്പുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും മാവോയിസ്റ്റുകളോട് അനുഭാവമുണ്ട്. ഇവരെല്ലാം ചേര്‍ന്നും ചില കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയുണ്ട്.