കോട്ടയം: ദീര്‍ഘനാളുകള്‍ക്കുശഷം മലയാളിക്കു വീണ്ടും ‘ഹര്‍ത്താല്‍’. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, പോസ്‌റ്റല്‍, നിര്‍മാണം, പൊതുഗതാഗതം തുടങ്ങിയ സേവന മേഖലകളിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനകള്‍ വ്യക്‌തമാക്കി.
തൊഴിലാളികള്‍ കൂട്ടത്തോടെ പണിമുടക്കുന്നത് ജനജീവതം സ്‌തംഭിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരേയെന്ന് പ്രഖ്യാപിച്ചാണ് പണിമുടക്ക്. കഴിഞ്ഞ മേയ് 20 നു നടത്താന്‍ നിശ്‌ചയിച്ചിരുന്ന പണിമുടക്കാണ് ഇന്നു നടക്കുന്നത്.
ഇന്നലെ സംസ്‌ഥാനത്ത് സ്വകാര്യ ബസ് പണിമുടക്കായിരുന്നു. ഉന്നത്തെ പണിമുടക്കില്‍നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ബാങ്കുകള്‍ക്കും മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സേവനങ്ങള്‍ തടസപ്പെട്ടേക്കാം. പണിമുടക്കില്‍ പങ്കുചേരുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന വ്യക്‌തമാക്കിയിട്ടുണ്ട്.
27 ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ പണിമുടക്കുമെന്ന് അറിയിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി വിതരണ സംബന്ധിയായ സേവനങ്ങള്‍ ഇന്ന് തടസപ്പെട്ടേക്കാമെന്നാണ് സൂചന.
25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17 ആവശ്യങ്ങളാണ് സംഘടനകള്‍ ഉന്നയിക്കുന്നത്.