• Fri. May 22nd, 2026

24×7 Live News

Apdin News

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

Byadmin

May 22, 2026


ന്യൂഡൽഹി : പുൽവാമ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഹംസ ബുർഹാനെ ഇന്നാണ് അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയത് . ഇപ്പോഴിതാ ബുർഹാനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത് .പുൽവാമ ആക്രമണത്തിന് പിന്നിലെ മാത്രമല്ല കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ബുർഹാൻ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇന്റലിജൻസ് വിവരങ്ങൾ പ്രകാരം, പാകിസ്ഥാനിലേക്ക് പോകുന്നതിനുമുമ്പ് ഹംസ ബുർഹാൻ ദക്ഷിണ കശ്മീരിൽ കമാൻഡറായി സജീവമായിരുന്നു. 2018 ൽ, ബുർഹാൻ ഉൾപ്പെടുന്ന പ്രചാരണ വീഡിയോ പുറത്തിറങ്ങിയിരുന്നു. അതിൽ ബുർഹാൻ പ്രാദേശിക യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായി കാണാം.

വീഡിയോയിൽ, ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളെയും ശത്രുതാപരമായ നടപടികളെയും സംഘടിത പോരാട്ടത്തിന്റെ ഭാഗമാണെന്ന് ന്യായീകരിക്കാൻ ബുർഹാൻ ശ്രമിച്ചു. കശ്മീരിലെ ‘ആസാദി’ (സ്വാതന്ത്ര്യം) എന്ന പേരിൽ കലാപം നടത്തുന്നതിനെ പറ്റിയും വീഡിയോയിൽ ഹംസ ബുർഹാൻ സംസാരിച്ചു.

ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ഉന്നത വിദ്യാഭ്യാസം നേടാനെന്ന വ്യാജേന 2017 ലാണ് ഹംസ ബുർഹാൻ പാകിസ്ഥാനിലേക്ക് പോയത്. തുടർന്ന്, നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേർന്ന ഹംസ ബുർഹാൻ ഗ്രൂപ്പിലെ കമാൻഡർ പദവിയിലേക്ക് ഉയർന്നു. 2022 ൽ, ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഹംസ ബുർഹാനെ തീവ്രവാദിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

‘ഡോക്ടർ’ എന്ന അപരനാമത്തിലും ഹംസ ബുർഹാൻ അറിയപ്പെട്ടിരുന്നു. സുരക്ഷാ ഏജൻസികൾ പറയുന്നതനുസരിച്ച്, കശ്മീരിന് പുറത്ത് താമസിച്ചിട്ടും, താഴ്‌വരയിലെ സജീവമാകാനും , യുവാക്കളെ തന്റെ വഴിയ്‌ക്ക് എത്തിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയ്‌ക്ക് സമീപം ഇന്ത്യയുടെ സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് പുൽവാമ ആക്രമണം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. 40 സിആർപിഎഫ് ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.



By admin