കൊൽക്കത്ത: കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ ഫുട്ബോൾ മത്സരത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ. ഫെഡറേഷന്റെ ഈ നടപടിയെ വെറുമൊരു ‘സർക്കസ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തെ ഫുട്ബോളിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ കോടികൾ മുടക്കി മത്സരം സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.
സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള ബ്രസീലിനെതിരെ 138-ാം സ്ഥാനത്തുള്ള ഇന്ത്യ ഇറങ്ങുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബൂട്ടിയ ‘ദി ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
“കളിക്കാരന്റെയോ ആരാധകന്റെയോ കോണിൽ നിന്ന് നോക്കുമ്പോൾ ബ്രസീലിനെതിരെ കളിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ ഫെഡറേഷന്റെ ജോലി കളിക്കാർക്ക് ബ്രസീലിനെതിരെ കളിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കലാണോ, അതോ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്ത് ഫുട്ബോൾ വളർത്തലാണോ?” ബൂട്ടിയ ചോദിച്ചു.
ബ്രസീലിനെതിരെ കളിക്കാൻ ഫെഡറേഷൻ 50 മുതൽ 60 കോടി രൂപ വരെയാണ് ചെലവാക്കിയതെന്ന് കേൾക്കുന്നു. കഴിഞ്ഞ ബജറ്റിൽ 14 മുതൽ 16 കോടി രൂപയുടെ മാത്രം വരുമാനമുണ്ടായ ഒരു ഫെഡറേഷനാണിത്. സ്പോൺസർമാരെ കിട്ടാതെ ഐ-ലീഗിലെയും ഐഎഎസ്എല്ലിലെയും ക്ലബ്ബുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. എന്നിട്ടാണ് ഇത്തരത്തിലുള്ള ധൂർത്തെന്ന് ബൂട്ടിയ കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏറെ അനുയോജ്യമായ ഫിഫ ആസിയാൻ കപ്പ് ടൂർണമെന്റിൽ നിന്ന് പിന്മാറി ബ്രസീൽ മത്സരത്തിന് മുൻഗണന നൽകിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. റാങ്കിംഗിൽ ഇന്ത്യക്ക് ഒപ്പമുള്ള ടീമുകൾക്കെതിരെ കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും കളിക്കാൻ ആസിയാൻ കപ്പിൽ അവസരം ലഭിക്കുമായിരുന്നു.
ജപ്പാൻ ചെയ്തതുപോലെ ബ്രസീലിയൻ കോച്ചുകളെയും വിദഗ്ദ്ധരെയും രാജ്യത്ത് എത്തിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് ‘ജപ്പാൻ മോഡൽ’ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ഫുട്ബോളിനെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്ത ഒരു പ്രസിഡന്റാണ് നിലവിൽ ഫെഡറേഷനെ നയിക്കുന്നതെന്നും, ഇന്ത്യയുടെ ഫിഫ റാങ്കിംഗ് 100-ൽ നിന്ന് 140-ലേക്ക് താഴ്ന്നത് ഇതിന്റെ പ്രധാന തെളിവാണെന്നും ബൂട്ടിയ കൂട്ടിച്ചേർത്തു.