• Mon. Oct 12th, 2026

24×7 Live News

Apdin News

920 ഗോൾ അടിച്ചാൽ, 925, 930… ചരിത്രത്തിലെ ഏറ്റവും മികച്ചത് ഞാൻ തന്നെ

Byadmin

Oct 12, 2026


റിയാദ്: കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

തന്നെ ആരാധകർ വേണ്ടത്ര അഭിനന്ദിക്കുന്നില്ലെന്നും കണക്കുകൾ തന്നെ എല്ലാം പറയുമെന്നും പോർച്ചുഗൽ സൂപ്പർതാരം പറഞ്ഞു.

സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു റൊണാൾഡോയുടെ വാക്കുകൾ.

“എന്റെ ഫോമിനെയും എന്റെ ഗോളുകളെയും ആളുകൾ വിലമതിക്കുന്നില്ല. കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കണം. ഞാൻ 920 ഗോളുകൾ നേടിയെങ്കിൽ, 925, 930… ചരിത്രത്തിലെ ഏറ്റവും മികച്ചത് ഞാനാണ്…. കണക്കുകൾ സ്വയം സംസാരിക്കുന്നു.

ഞാൻ അവിടെ എത്തിയാൽ (1000 ഗോളുകൾ), അത് അതിശയകരമാണ്, എന്നാൽ അതിനായി ഞാൻ ദീർഘകാല ലക്ഷ്യങ്ങൾ വച്ച് സമ്മർദ്ദത്തിലാകുന്നില്ല,” എന്ന് റൊണാൾഡോ പറഞ്ഞു.

തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഭാവി പദ്ധതികളെക്കുറിച്ച് അധികം ചിന്തിക്കാതെ നിലവിലെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

1000 ഗോളുകൾ തികച്ചില്ലെങ്കിലും പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് തന്റെ പേരിൽ ഭദ്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

41 കാരനായ റൊണാൾഡോ ഇപ്പോൾ മികച്ച ഫോമിലാണെന്ന് തന്നെ പറയുന്നു. ഒന്നും നിർബന്ധിച്ച് ചെയ്യുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ഈ സീസണിൽ അൽ-നാസറിനായി 6 മത്സരങ്ങളിൽ നിന്ന് 3 ഗോളാണ് താരം നേടിയത്.

1000 ഗോൾ എന്ന സ്വപ്നം ഇപ്പോഴും അകലെയാണെന്ന് റൊണാൾഡോ സമ്മതിച്ചു. ഇനി വെറും 20 ഗോളുകൾ മാത്രമാണ് ആ ചരിത്ര നേട്ടത്തിലേക്ക് വേണ്ടത്.

അൽ-നാസറുമായുള്ള കരാറിന്റെ അവസാന വർഷത്തിലാണ് റൊണാൾഡോ, ഈ സീസണൊടുവിൽ വിരമിച്ചേക്കുമെന്ന സൂചനകളും താരം നൽകിയിരുന്നു.

നേരത്തെ 2024 നവംബറിൽ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ ഉയർന്ന പുരസ്‌കാരമായ ക്വിനാസ് ഡി പ്ലാറ്റിന ട്രോഫി വാങ്ങിയ ശേഷവും റൊണാൾഡോ സമാനമായി പറഞ്ഞിരുന്നു.

“ഇപ്പോൾ ഞാൻ ഈ നിമിഷത്തിൽ ജീവിക്കുന്നു.

ദീർഘവീക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. 1000 ഗോളുകൾ എന്ന് ഞാൻ പരസ്യമായി പറഞ്ഞിരുന്നു, കഴിഞ്ഞ മാസം 900 തികച്ചു. വരും വർഷങ്ങളിൽ എന്റെ കാലുകൾ എങ്ങനെ പ്രതികരിക്കുമെന്ന് കാണണം.

1000 അടിച്ചില്ലെങ്കിലും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഞാൻ തന്നെയാണ്,” അന്ന് റൊണാൾഡോ പറഞ്ഞു.







By admin