• Sat. Sep 21st, 2024

24×7 Live News

Apdin News

Acting from a young age, pain was gifted Kaviyoor Ponnamma as the role of a mother in life | ചെറുപ്പം മുതല്‍ അഭിനയം, ജീവിതത്തിലെ അമ്മവേഷം കവിയൂര്‍ പൊന്നമ്മയ്ക്കു സമ്മാനിച്ചതു വേദനകള്‍ ; ഓണ്‍ സ്‌ക്രീനിലെ സ്‌നേഹനിധിയായ അമ്മയ്ക്ക് ഓഫ് സ്‌ക്രീനില്‍ പലപ്പോഴും സ്‌നേഹം അന്യം നിന്നു

Byadmin

Sep 21, 2024


uploads/news/2024/09/735977/kaviyoot-ponnamma.jpg

കൊച്ചി: കവിയൂര്‍ പൊന്നമ്മ മലയാളികള്‍ക്ക് എന്നും സ്‌നേഹനിധിയായ അമ്മയാണ്. പക്ഷേ, ജീവിതത്തിലെ അമ്മവേഷം കവിയൂര്‍ പൊന്നമ്മയ്ക്കു സമ്മാനിച്ചതു വേദനകളായിരുന്നു. ഓണ്‍ സ്‌ക്രീനിലെ സ്‌നേഹനിധിയായ അമ്മയ്ക്ക് ഓഫ് സ്‌ക്രീനില്‍ പലപ്പോഴും സ്‌നേഹം അന്യമായിരുന്നു. നന്നേ ചെറുപ്പത്തില്‍തന്നെ കുടുംബത്തിനുവേണ്ടി അഭിനയത്തിന് ഇറങ്ങിയതാണ് കവിയൂര്‍ പൊന്നമ്മ.

വീട്ടിലെ ആവശ്യങ്ങളും ആവശ്യക്കാരും കൂടുന്നതനുസരിച്ചു സിനിമാ സെറ്റുകളിലേക്കുള്ള അവരുടെ ഓട്ടവും കൂടി വന്നു. ഈ കാലത്ത് പലപ്പോഴും വീടിനെ ബോധപൂര്‍വം അവഗണിക്കേണ്ടിയും വന്നിട്ടുണ്ട്. അതിന്റെ വിഷമത്തില്‍ ഏക മകള്‍ ബിന്ദു, കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിക്കുകയും ചെയ്തു. ഇക്കാര്യം കവിയൂര്‍ പൊന്നമ്മ ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

മകള്‍ ബിന്ദുവുമായി സംസാരിച്ചിരുന്നെന്നും അവര്‍ക്കു നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോഴായിരുന്നു അതിന്റെ കാരണങ്ങളെക്കുറിച്ചു കവിയൂര്‍ പൊന്നമ്മ മനസുതുറന്നത്. ‘മകള്‍ അമേരിക്കയില്‍ സെറ്റില്‍ഡാണ്. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകനാണ് കല്യാണം കഴിച്ചത്. അവര്‍ക്കു മകനും മകളുമുണ്ട്. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്തു വളരെയധികം സ്‌നേഹിച്ചിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്കു പോകണമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്നു വയ്ക്കാം. മുതിര്‍ന്നപ്പോഴെങ്കിലും മനസിലാക്കണമല്ലോ.

ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അതുപോലെ സ്‌നേഹം വാരിക്കോരിക്കൊടുത്തിട്ടുണ്ട്. ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. മകളെ നോക്കാന്‍ എനിക്കു ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ട്’-എന്നായിരുന്നു ആ അമ്മ മനസിന്റെ വെളിപ്പെടുത്തല്‍. കവിയൂര്‍ പൊന്നമ്മയെ അമ്മ ഭാവത്തിലല്ലാതെ ഓര്‍ക്കുക മലയാളിക്കു സാധ്യമല്ല. ചെറു പ്രായത്തില്‍തന്നെ അമ്മ വേഷങ്ങള്‍ കവിയൂര്‍ പൊന്നമ്മയെ തേടി വന്നിരുന്നു. പിന്നീടു ഇതേ വേഷം തന്നെ തുടര്‍ന്നു. സമകാലികരായിരുന്ന സുകുമാരിയും കെ.പി.എ.സി. ലളിതയും മറ്റും വ്യത്യസ്ത കഥാപാത്രങ്ങളെ തേടിയപ്പോഴും പരാതികളില്ലാതെ അവര്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ചുപോന്നു.

പത്തു വയസുവരെ കവിയൂര്‍ പൊന്നമ്മ താമസിച്ചത് പൊന്‍കുന്നം തോണിപ്പാറയിലെ വീട്ടിലായിരുന്നു. അച്ഛന്‍ ദാമോദരന്‍ കവിയൂര്‍ സ്വദേശിയായിരുന്നെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടു പൊന്നമ്മയുടെ അമ്മ ഗൗരിയുടെ കുടുംബവീടിനടുത്തൊരു വീട്ടിലായിരുന്നു താമസം. ചിറക്കടവ് നെല്ലിക്കത്തകിടിയില്‍ കുടുംബാംഗമായിരുന്നു ഗൗരി. പൊന്‍കുന്നം പത്തൊന്‍പതാം മൈല്‍ ചെന്നാക്കുന്നിലും ഇടയ്ക്കു താമസിച്ചു.

പൊന്‍കുന്നത്തുനിന്നു ചങ്ങനാശേരിയിലേക്കു താമസം മാറി വര്‍ഷങ്ങള്‍ക്കുശേഷം പൊന്‍കുന്നം ശ്രീകൃഷ്ണ തിയറ്ററില്‍ നാടകം അവതരിപ്പിക്കാന്‍ പൊന്നമ്മ എത്തിയത് അര്‍ധസഹോദരന്‍ മണിമലക്കുന്ന് നെല്ലിക്കത്തകടിയില്‍ രവീന്ദ്രന്‍ ഓര്‍ക്കുന്നു. അന്ന് അദ്ദേഹം കുടുംബസമേതം ഇവരെ സന്ദര്‍ശിക്കുകയും പഴയ ഓര്‍മകള്‍ പങ്കുവയ്ക്കുകയും ചെയ്തു. നാട്ടിലെ ഭാഗവതര്‍മാര്‍ക്കൊപ്പം ആദ്യം സംഗീതപഠനം നടത്തിയ പൊന്നമ്മ പിന്നീട് എല്‍.പി.ആര്‍.വര്‍മ്മയുടെ ശിഷ്യത്വം സ്വീകരിച്ചു. ചിറക്കടവ് മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.

സിനിമാത്തിരക്കായതിനാല്‍ ചിറക്കടവില്‍ പിന്നീട് അധികം തവണ എത്തിയിട്ടില്ല. പൊന്‍കുന്നത്തെ ബന്ധുക്കളുടെ ആഗ്രഹപ്രകാരം ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് അവിടെ വച്ച് ബന്ധുക്കളെ കണ്ട് ഓര്‍മപുതുക്കിയാണു മടങ്ങിയത്. പിന്നീട് പൊന്‍കുന്നത്തേക്ക് എത്തിയിട്ടില്ല.



By admin