• Sun. Sep 22nd, 2024

24×7 Live News

Apdin News

AGDP issue: CPI wants to stay away from law and order campaign | വീണ്ടും കടുപ്പിച്ച്‌ ഘടകകക്ഷികള്‍; എ.ഡി.ജി.പിക്കെതിരേ വിജിലന്‍സ്‌ അന്വേഷണം, ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Byadmin

Sep 15, 2024


അനധികൃതസ്വത്ത്‌ സംബന്ധിച്ച്‌ എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ ഡി.ജി.പി. വിജിലന്‍സ്‌ അന്വേഷണം ശിപാര്‍ശ ചെയ്‌തതോടെ കളം വീണ്ടും കലുഷമായി. വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തുക എളുപ്പമല്ല.

cpm, Kerala

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍.

എ.ഡി.ജി.പിയുടെ സ്വത്തുസമ്പാദനം സംബന്ധിച്ച പരാതികള്‍ ഡി.ജി.പി. വിജിലന്‍സിനു കൈമാറിയതോടെയാണു മുന്നണിയില്‍ വീണ്ടും പിരിമുറുക്കമാരംഭിച്ചത്‌. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി. തലത്തിലുള്ള അന്വേഷണം പൂര്‍ത്തിയായശേഷമേ നടപടി സാധ്യമാകൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. എന്നാല്‍, വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തുക എളുപ്പമല്ല.

അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ചുമതലയില്‍നിന്നു മാറ്റിയേ തീരൂവെന്ന നിലപാടിലാണു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. മുന്നണിയില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ സി.പി.എം. ഇക്കാര്യത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡി.ജി.പി. ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്‌ കഴിഞ്ഞദിവസം എ.ഡി.ജി.പി. അജിത്‌കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍.എസ്‌.എസ്‌. നേതാക്കളുമായി എ.ഡി.ജി.പി. നടത്തിയ കൂടിക്കാഴ്‌ചകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്ന്‌ എല്‍.ഡി.എഫ്‌. യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ, അനധികൃതസ്വത്ത്‌ സംബന്ധിച്ച്‌ എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ ഡി.ജി.പി. അപ്രതീക്ഷിതമായി വിജിലന്‍സ്‌ അന്വേഷണം ശിപാര്‍ശ ചെയ്‌തതോടെ കളം വീണ്ടും കലുഷമായി. ഡി.ജി.പിയുടെ ശിപാര്‍ശ മുഖ്യമന്ത്രി വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു കൈമാറിയതായാണു സൂചന.

വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ സ്വാഭാവികമായും എ.ഡി.ജി.പി. അജിത്‌കുമാറിന്റെ തുല്യ റാങ്കിലുള്ളവരോ അതിനു താഴെയുള്ളവരോ ആകും അതിനു നിയോഗിക്കപ്പെടുക. അജിത്‌കുമാര്‍ മുമ്പ്‌ വിജിലന്‍സ്‌ മേധാവിയായി ജോലി ചെയ്‌തിട്ടുമുണ്ട്‌. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അപ്രധാനതസ്‌തികയിലേക്കു മാറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ഘടകകക്ഷികളില്‍നിന്ന്‌ ഉള്‍പ്പെടെ ശക്‌തമാകും.



By admin