• Sun. Sep 29th, 2024

24×7 Live News

Apdin News

Hassan Nasrallah is killed, Israel ends peace talks | ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടു, സമാധാന ചര്‍ച്ച അവസാനിപ്പിച്ച്‌ ഇസ്രയേല്‍

Byadmin

Sep 29, 2024


uploads/news/2024/09/737587/int1.jpg

ടെല്‍അവീവ്‌: മേഖലയില്‍ സമാധാനത്തിനുള്ള സമ്മര്‍ദം ശക്‌തമാകുന്നതിനിടെ ഹിസ്‌ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ലയെ വധിച്ച്‌ ഇസ്രയേല്‍. ഗാസ സമാധാന ചര്‍ച്ചയില്‍നിന്നുള്ള പിന്മാറ്റം അവര്‍ പ്രഖ്യാപിച്ചു. ഹിസ്‌ബുള്ള മേധാവിയുടെ മരണം ഇറാനുള്ള സന്ദേശമാണെന്ന്‌ ഇസ്രയേല്‍ മാധ്യമങ്ങള്‍. യുദ്ധ ഒരുക്കങ്ങളുടെ ഭാഗമായി മധ്യ ഇസ്രയേലില്‍ ആളുകള്‍ കൂട്ടംകൂടുന്നത്‌ സൈന്യം നിരോധിച്ചു.
നസ്‌റല്ലയുടെ മരണം സ്‌ഥിരീകരിച്ച ഹിസ്‌ബുള്ള ഇസ്രയേലിനു കനത്ത തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ചു. ഇസ്രയേല്‍ സൈന്യം കുറ്റവാളികളുടെ സംഘമാണെന്നു ഹിസ്‌ബുള്ളയുടെ സഖ്യകക്ഷികൂടിയായ ഇറാനും വ്യക്‌തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍. ഇടപെടല്‍ ആവശ്യപ്പെട്ട്‌ നാറ്റോ അംഗമായ തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്‌. ഇസ്രയേല്‍ എല്ലാ പരിധികളും ലംഘിച്ചതായി ഇറാഖും പ്രതികരിച്ചു.
യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ന്യൂയോര്‍ക്കിലുള്ള സമയത്തായിരുന്നു ഇസ്രയേല്‍ ആക്രമണം. 21 ദിവസത്തെ വെടിനിര്‍ത്തലിനു നെതന്യാഹുവിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ നാറ്റോ അംഗരാജ്യങ്ങളടക്കം ശ്രമിക്കുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌.
അറുപത്തിനാലുകാരനായ നസ്‌റല്ലയുമായുള്ള ആശയവിനിമയം വെള്ളിയാഴ്‌ച രാത്രിമുതല്‍ നഷ്‌ടപ്പെട്ടതായി ഹിസ്‌ബുള്ള നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇസ്രയേല്‍ സൈനിക വക്‌താവ്‌ ലെഫ്‌. കേണല്‍ നദവ്‌ ശോഷാനിയാണ്‌ അദ്ദേഹത്തിന്റെ മരണം സ്‌ഥിരീകരിച്ചത്‌.. വ്യോമാക്രമണങ്ങളിലൊന്നില്‍ നസ്‌റല്ലയുടെ മകള്‍ സൈനബും കൊല്ലപ്പെട്ടെന്ന്‌ ഇസ്രയേല്‍ അറിയിച്ചു.
വടക്കന്‍ ഇസ്രയേലിലേക്ക്‌ ഹിസ്‌ബുള്ള നടത്തിയ തീവ്രമായ റോക്കറ്റ്‌ ആക്രമണത്തിനാണ്‌ ഇസ്രയേലിന്റെ തിരിച്ചടി. കിഴക്കന്‍, തെക്കന്‍ ലെബനനിലെ ഡസന്‍ കണക്കിന്‌ ഹിസ്‌ബുള്ള കേന്ദ്രങ്ങളെ അവര്‍ ഉന്നമിട്ടു. ഒറ്റരാത്രി ഇസ്രയേലി ജെറ്റുകള്‍ നടത്തിയ ബോംബുവര്‍ഷത്തില്‍ നിരവധി പാര്‍പ്പിടങ്ങളടക്കം നിരപ്പായി.
ലോകത്തെ ഭീതിയിലാഴ്‌ത്താന്‍ ഹസന്‍ നസ്‌റല്ലയ്‌ക്ക് ഇനി കഴിയില്ലെന്ന്‌ ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്‌) പ്രസ്‌താവിച്ചു. ഇത്‌ ഞങ്ങളുടെ ടൂള്‍ ബോക്‌സിന്റെ അവസാനമല്ല. സന്ദേശം ലളിതമാണ്‌, ഇസ്രയേല്‍ പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന ഏതൊരാളിലേക്കും എങ്ങനെ എത്തിച്ചേരാമെന്ന്‌ ഞങ്ങള്‍ക്കറിയാം- ലെഫ്‌. ജനറല്‍ ഹെര്‍സി ഹലേവി പ്രതികരിച്ചു.
വടക്കന്‍ ഇസ്രയേലിലേക്ക്‌ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്വം ഹിസ്‌ബുള്ള ഏറ്റെടുത്ത്‌ മണിക്കൂറുകള്‍ക്കകമാണ്‌ ഇസ്രയേല്‍ തിരിച്ചടിച്ചത്‌. ഫാഡി-1 റോക്കറ്റുകള്‍ ഉപയോഗിച്ച്‌ കിബ്ബട്ട്‌സ് കബ്രിയെ ലക്ഷ്യമാക്കിയായിരുന്നു ഹിസ്‌ബുള്ള ആക്രമണം. ഇത്‌ ലെബനനെ പ്രതിരോധിക്കാനായിരുന്നെന്നും ഹിസ്‌ബുള്ള അവകാശപ്പെട്ടിരുന്നു.
ലെബനനില്‍, പ്രത്യേകിച്ച്‌ ഷിയാ അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ്‌ നസ്‌റല്ല, യുദ്ധം ചെയ്യാനോ സമാധാനം സ്‌ഥാപിക്കാനോ കഴിവുള്ളയാള്‍.
2006-ല്‍ ഇസ്രയേലിന്റെ ലെബനന്‍ അധിനിവേശത്തെ തുടര്‍ന്ന്‌ നസ്രല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷേ, ദിവസങ്ങള്‍ക്കുശേഷം ഷിയാ നേതാവ്‌ പരുക്കില്ലാതെ തിരിച്ചുവന്നു. അതേസമയം, ഹിസ്‌ബുള്ളയുടെ തെക്കന്‍ മുന്നണിയുടെ കമാന്‍ഡര്‍ അലി കരാകെയും മറ്റ്‌ ഹിസ്‌ബുള്ള അംഗങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
32 വര്‍ഷമായി ഹിസ്‌ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്നു ഹസന്‍ നസ്രല്ല. ഈ 32 വര്‍ഷ കാലയളവില്‍ നിരവധി ഇസ്രയേലി പൗരന്മാരുടെയും സൈനികരുടെയും ജീവനെടുക്കാന്‍ ആയിരക്കണക്കിന്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ്‌ സസ്രല്ല ആസൂത്രണം ചെയ്‌തു നടപ്പാക്കിയതെന്ന്‌ ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നു.



By admin