• Tue. Sep 24th, 2024

24×7 Live News

Apdin News

MM lowrance issue | ലത്തീന്‍ കത്തോലിക്കാ സമുദായാംഗമായ ലോറന്‍സിന്റെ വിവാഹം നടന്നത് യാക്കോബായ പള്ളിയില്‍ ; വൈദ്യപഠനത്തിനായി കൈമാറുന്ന മൃതദേഹം പഠനവിധേയമാക്കുക ആറു മാസം കഴിഞ്ഞിട്ട്

Byadmin

Sep 24, 2024


uploads/news/2024/09/736588/mm-lowrance.jpg

കൊച്ചി: മക്കള്‍ തമ്മിലും അഭിപ്രായഭിന്നതയുയര്‍ന്നതോടെ എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച വിവാദം കൂടുതല്‍ നിയമക്കുരുക്കിലേക്ക്. 1957-ലെ കേരള അനാട്ടമി നിയമപ്രകാരം മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുക്കാനാണു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍, തീരുമാനം അനുകൂലമല്ലെങ്കില്‍ മകള്‍ ആശ ലോറന്‍സ് വീണ്ടും കോടതിയെ സമീപിച്ചേക്കും. അങ്ങനെയെങ്കില്‍ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കണോ മെഡിക്കല്‍ കോളജ് ഏറ്റെടുക്കണോയെന്ന കാര്യത്തില്‍ തീരുമാനം വൈകും.

കേരള അനാട്ടമി നിയമപ്രകാരം, അവകാശപ്പെടാത്ത മൃതദേഹങ്ങള്‍ (ദാനം ചെയ്ത മൃതദേഹങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും ഭാഗം) ആശുപത്രികള്‍ക്കും മെഡിക്കല്‍, അധ്യാപനസ്ഥാപനങ്ങള്‍ക്കും ശരീരഘടനപഠനത്തിനു നല്‍കാം. മരിച്ചയാള്‍ ആഗ്രഹം എഴുതിവച്ചിരിക്കണമെന്നില്ല. സെക്ഷന്‍ 4 (എ) പ്രകാരം ഇക്കാര്യം തങ്ങളോടു പറഞ്ഞതായി രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി. ലോറന്‍സ് ഇക്കാര്യം പറഞ്ഞിരുന്നതായി പലരും അവകാശപ്പെടുന്നുണ്ട്. എന്നാല്‍, തര്‍ക്കമുയര്‍ന്നതോടെ ഇക്കാര്യത്തില്‍ തീരുമാനം ബുദ്ധിമുട്ടാകും. വൈദ്യപഠനത്തിനായി കൈമാറുന്ന മൃതദേഹം എംബാം ചെയ്ത് സൂക്ഷിച്ചശേഷം ആറുമാസം കഴിഞ്ഞാണു പഠനവിധേയമാക്കുക. അപ്പോഴേക്ക് ആളെ വ്യക്തമായി മനസിലാക്കാന്‍ കഴിയാത്തവണ്ണം മൃതദേഹം മാറിയിരിക്കും. സാധാരണയായി ഒരുവര്‍ഷം കഴിഞ്ഞാകും പഠിക്കാനെടുക്കുക.

ഹൈക്കോടതി തീരുമാനം എതിരാകുന്ന കക്ഷി സുപ്രീം കോടതിയേയും സമീപിച്ചേക്കാം. ആഗ്രഹം രേഖാമൂലമില്ലാത്തപക്ഷം മക്കളിലാരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍, അമ്മയുടെ നിലപാടാണു നിര്‍ണായകം. എന്നാല്‍, ലോറന്‍സിന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. മൂന്നുമക്കളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ തമ്മിലാണു ഭിന്നത. ലോറന്‍സിന്റെ സഹോദരങ്ങളും മകളുടെ നിലപാടിനൊപ്പമാണ്. അനാട്ടമി നിയമത്തിലെ ചില വകുപ്പുകളില്‍ അവ്യക്തതയുള്ളതാണു കോടതിയേയും വലയ്ക്കുന്നത്. നിയമപ്രകാരം നടപടിയെടുക്കേണ്ടത് ആഭ്യന്തരവകുപ്പായതിനാല്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാണ്. അവസാന നാളുകളില്‍ പിതാവ് മതവിശ്വാസിയായിരുന്നെന്നു മകളും തെളിയിക്കേണ്ടിവരും.

മകള്‍ സാക്ഷികളെ ഹാജരാക്കിയാല്‍ അതും പരിഗണിക്കണം. മക്കളിലൊരാള്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ലോറന്‍സിന്റെ മൃതദേഹം ആര്‍ക്ക് വിട്ടുകൊടുക്കണമെന്നതില്‍ തീരുമാനം അനിശ്ചിതമായി നീളും. നിയമത്തില്‍ വ്യക്തത വരുത്താനും കോടതി ഇടപെട്ടേക്കും. മതപരമായ വിഷയം കൂടിയായതിനാല്‍ സര്‍ക്കാരും ശ്രദ്ധയോടെയാകും നീങ്ങുക. ലത്തീന്‍ കത്തോലിക്കാ സമുദായാംഗമാണെങ്കിലും ലോറന്‍സിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ നടമേല്‍ യാക്കോബായ പള്ളിയില്‍. 1959-ല്‍ നടമേല്‍ പള്ളി വികാരിയായിരുന്ന ഫാ. മത്തായി പൂവന്തറയാണു വിവാഹം നടത്തിക്കൊടുത്തത്. വിവാഹത്തിനു ലത്തീന്‍ സഭാനേതൃത്വം എതിര്‍പ്പറിയിച്ചതോടെയാണു യാക്കോബായ പള്ളിയെ സമീപിച്ചത്.



By admin