• Wed. Sep 25th, 2024

24×7 Live News

Apdin News

Will there be a party-level inquiry into the allegations against P. Sasi raised by PV Anwar? | പി. ശശിക്കെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പാര്‍ട്ടിതല അന്വേഷണം നടത്തുമോ?

Byadmin

Sep 25, 2024


uploads/news/2024/09/736858/p-sashi.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പാര്‍ട്ടിതല അന്വേഷണം നടത്തുമോ എന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുത്തേക്കും. ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും.

പി. ശശിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എന്നാല്‍ ശശിയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതിനാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിനു സാധ്യതയില്ലെന്നു കരുതുന്നവരുമുണ്ട്. പക്ഷേ അന്‍വര്‍ പാര്‍ട്ടിയെ കൊണ്ടെത്തിച്ച പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ പേരിനെങ്കിലും ഒരു അന്വേഷണം വേണമെന്ന നിലപാടും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. പാര്‍ട്ടിതല അന്വേഷണം എന്ന ഉറപ്പോടു കൂടിയാണ് അന്‍വറിന്റെ വായ അടപ്പിച്ചിരിക്കുന്നത്.

അന്‍വര്‍ ആദ്യം പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ശശിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലായിരുന്നതുകൊണ്ടാണ് നടപടികളിലേക്ക് കടക്കാത്തതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് വിശദമായ പരാതി അന്‍വര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കി. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്നത്.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തോടെ അന്‍വറിന്റെ നീക്കം പാര്‍ട്ടിക്കെതിരാണെന്ന വ്യാഖ്യാനം വന്നിരുന്നു. അന്‍വറിന് സി.പി.എമ്മില്‍നിന്നും ഇടതുപക്ഷ അനുഭാവികളില്‍നിന്നും ലഭിച്ചിരുന്ന പിന്തുണയും ഇടിഞ്ഞു. ഇതുകൂടി പരിഗണിച്ചാണ് അദ്ദേഹം തല്‍ക്കാലം തന്റെ പരസ്യപ്രതികരണങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നത്. എന്നാല്‍, പരാതി നല്‍കിയിട്ടും പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ അന്‍വര്‍ അത് ആയുധമാക്കിയേക്കും.

നിയമസഭാ സമ്മേളനം ഉള്‍പ്പെടെ അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തുപകരുന്ന ഒരു തീരുമാനവും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകില്ല. നിയമസഭാസമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രശ്‌നം പരിഹരിക്കാനാണു നീക്കം.



By admin