• Fri. Jul 18th, 2025

24×7 Live News

Apdin News

ആക്സിയം 4 ദൗത്യം: ശുഭാംശു ശുക്ല ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Byadmin

Jul 17, 2025





ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസം താമസിച്ച് ഭൂമിയിലേക്കു മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഓഗസ്റ്റ് 17-നകം ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ദൗത്യത്തിനു ശേഷമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ശുഭാംശു ഇന്ത്യയിലെത്തുകയെന്നും ശാസ്ത്ര സാങ്കേതിക മന്ത്രിയായ ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

പുനരധിവാസം, വിശദീകരണ സെഷനുകൾ, ഐഎസ്ആർഒ സംഘവുമായുള്ള ചർച്ചകൾ തുടങ്ങിയ നടപടിക്രമങ്ങൾ ശുഭാംശുവിന് പൂർത്തിയാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയോടെയായിരുന്നു ശുഭാംശുവും സംഘവും കാലിഫോർണിയയ്ക്കടുത്ത് കടലിൽ സുരക്ഷിതമായി സ്‌പ്ലാഷ്‌ഡൗൺ ചെയ്തത്.

അതേസമയം, ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശുഭാംശു ശുക്ലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍, തന്റെ അര്‍പ്പണബോധം, ധീരത, മുന്നേറ്റ മനോഭാവം എന്നിവയിലൂടെ അദ്ദേഹം കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായി. ഇത് നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ്,’ പ്രധാന മന്ത്രി എക്സിൽ കുറിച്ചു.

ഭൂമിയിലിറങ്ങിയ ശുഭാംശുവും മൂന്നുസഹയാത്രികരും ഏഴുദിവസം നിരീക്ഷണത്തിൽ തുടരുമെന്നാണ് വിവരം. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനായാണ് ഏഴുദിവസത്തെ നീരീക്ഷണ കാലാവധി. ശുഭംശുവിനൊപ്പം നാസയിലെ പരിചയസമ്പന്നനായ ബഹിരാകാശ സഞ്ചാരി കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, യൂറോപ്യൻ സ്‌പേസ് ഏജൻസി പ്രോജക്റ്റിന്റെ ഭാഗമായ പോളണ്ടിലെ സ്ലാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവ്‌സ്‌കി, ഹംഗേറിയൻ ബഹിരാകാശ യാത്രികൻ ടിബോർ കപു എന്നിവരുൾപ്പെട്ട സംഘമാണ് ദൗത്യത്തിലുള്ളത്.



By admin