• Sat. Sep 21st, 2024

24×7 Live News

Apdin News

ആര്‍സിഎന്‍ പ്രസിഡന്റായി മത്സരിക്കാന്‍ ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍; മലയാളി മത്സരിക്കുന്നത് ഇതാദ്യം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 20, 2024


Posted By: Nri Malayalee
September 20, 2024

സ്വന്തം ലേഖകൻ: യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പ്രമുഖ യൂണിയനായ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇതാദ്യമായി മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സായ പാലാ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍ ആണ് മത്സര രംഗത്തുള്ളത്. ബിജോയ്‌ ഉള്‍പ്പടെ 6 പേരാണ് മത്സരിക്കുന്നത്. 2025 ജനുവരി 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ട് വര്‍ഷമാണ്‌ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി.

ഇവരുടെ പേരുകള്‍ കഴിഞ്ഞ ദിവസം റോയല്‍ കോളജ് ഓഫ് നഴ്സിങിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്ദീകരിച്ചു. ഒക്ടോബര്‍ 14 മുതല്‍ ആര്‍സിഎന്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. പ്രസിഡന്റ്, ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

1916 ല്‍ കേവലം 34 അംഗങ്ങളുമായി യുകെയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂണിയനാണ് ആര്‍സിഎന്‍. ഇന്ന് യുകെയിലെ ഇംഗ്ലണ്ട്, സ്കോട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെയുള്ള അംഗ രാജ്യങ്ങളില്‍ നിന്നും അഞ്ച് ലക്ഷത്തില്‍പ്പരം ജീവനക്കാരാണ് ആര്‍സിഎന്‍ അംഗത്വം എടുത്തിട്ടുള്ളത്. ഇവരില്‍ ധാരാളം മലയാളി നഴ്സുമാരും ഉള്‍പ്പെടുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു മലയാളി മത്സരിക്കുന്നത്.

യൂണിയനില്‍ അംഗങ്ങളായ മലയാളികള്‍ മുഴുവനും വോട്ട് ചെയ്‌താല്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ആര്‍സിഎന്‍ പ്രസിഡന്റ് ആകും. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിങ് പഠനത്തിനും ഒരു വര്‍ഷത്തെ സേവനത്തിനും ശേഷം 2011 ല്‍ ബാന്‍ഡ് 5 നഴ്സായി ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലിയില്‍ പ്രവേശിച്ച ബിജോയ്‌ 2015 ല്‍ ബാന്‍ഡ് 6 ആയും 2016 ല്‍ ബാന്‍ഡ് 7 ആയും തന്റെ കരിയര്‍ മികച്ചതാക്കി.

2021 ലാണ് ബാന്‍ഡ് 8 എ തസ്തികയില്‍ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ്‌ കൃഷി വകുപ്പിലെ റിട്ട. സൂപ്രണ്ട് വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഹാമര്‍സ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാന്‍ഡ് 5 നഴ്‌സായ ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവേല്‍ മകനാണ്. ബിജോയിയുടെ സഹോദരി ബ്ലസിയും ഭര്‍ത്താവ് ജിതിനും ലണ്ടനില്‍ തന്നെ ബാന്‍ഡ് 6 നഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്.

നെറ്റ് വര്‍ക്ക്‌ ഓഫ് ഇന്റര്‍നാഷണലി എജ്യുക്കേറ്റഡ് നഴ്സസ് ആന്‍ഡ് മിഡ് വൈഫറി അസോസിയേഷന്‍സിന്റെ ചെയര്‍, അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസിന്റെ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. 2012 ലാണ് ആര്‍സിഎന്‍ യൂണിയനില്‍ ബിജോയ്‌ അംഗമായത്. മൂലകോശ ദാതാക്കളെ റജിസ്റ്റര്‍ ചെയ്യുന്ന ഡികെഎംഎസ്, ഡോ. അജിമോള്‍ പ്രദീപിന്റെ ‘ഉപഹാര്‍’ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആന്‍ഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൊജക്ടിനായി ബിജോയ്‌ ഉള്‍പ്പടെയുള്ള നഴ്സുമാരുടെ സംഘം പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവര്‍ ഉള്‍പ്പടെയുള്ള യുകെ നഴ്സുമാരാണ് ബിജോയ്ക്ക്‌ ഒപ്പം പ്രവര്‍ത്തിച്ച യുകെ നഴ്സുമാര്‍.

കോളജ് ഓഫ് നഴ്സിങിന്റെ നേതൃത്വവുമായി എല്ലാ ആര്‍സിഎന്‍ അംഗങ്ങള്‍ക്കും സംവദിക്കാനുള്ള അവസരം ഒരുക്കുക, യൂണിറ്റുകള്‍ ഇല്ലാത്ത ഹോസ്പിറ്റലുകള്‍ കണ്ടെത്തി ആര്‍സിഎന്‍ സാന്നിധ്യം ഉറപ്പാക്കുക, നഴ്സിങ് മേഖലയിലെ ജീവനക്കാര്‍ക്ക് സേവനത്തിന് അനുസൃതമായ മികച്ച വേതനം ഉറപ്പു വരുത്തുക, അംഗങ്ങളുടെ കരിയര്‍ ഡെവലപ്പ്മെന്റിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നിവയാണ് തന്റെ മത്സരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബിജോയ് പറയുന്നു. [email protected] എന്ന മെയില്‍ ഐഡി വഴി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ആര്‍സിഎന്‍ അംഗങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് ബിജോയ്‌ സെബാസ്റ്റ്യന്‍ പറഞ്ഞു.

By admin