
റയൽ മാഡ്രിഡിന്റെ പത്താം നമ്പർ ജേഴ്‌സി ഇനി ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക്. ജൂലൈ 14-ന് റയൽ മാൻഡ്രിഡിൽ നിന്ന് എ സി മിലാനിലേക്ക് കൂടുമാറിയ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ആയിരുന്നു എംബാപ്പയ്ക്ക് മുൻപ് പത്താം നമ്പർ ജേർസിയുടെ അവകാശി. ഇക്കാര്യം എക്സ് പോസ്റ്റിലൂടെയാണ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെസ്യൂട്ട് ഓസിൽ, ലൂയിസ് ഫിഗോ, ഫെറങ്ക് പുസ്കാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിഞ്ഞ റയലിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് എംബാപ്പയുടെ പക്കൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ 31 ഗോളുകളുമായി ലാ ലിഗയിൽ ടോപ് സ്കോററായി എംബപ്പേ തിളങ്ങിയെങ്കിലും, റയൽ മാഡ്രിഡിന് കിരീടം നേടാനായില്ല. ക്ലബ്ബ് ലോകകപ്പ് സെമിഫൈനലിൽ റയൽ മാൻഡ്രിഡ് എംബാപ്പയുടെ മുൻ ക്ലബായ പി.എസ്.ജിയോട് 4-0 ന് പരാചയപ്പെട്ടാണ് ഫൈനൽ കാണാതെ പുറത്തായത്. എന്നാൽ, എംബാപ്പെ ഇല്ലാതിരുന്നിട്ടും പി.എസ്.ജി അവരുടെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും, ക്ലബ്ബ് ലോകകപ്പ് ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
തന്റെ ദേശീയ ടീമായ ഫ്രാൻസിന് വേണ്ടി മിന്നും പ്രകടനമാണ് എംബാപ്പെ കാഴ്ചവെക്കുന്നത്. ജർമ്മനിക്കെതിരെ നടന്ന മത്സരത്തിൽ ഫ്രാൻസിനായി തന്റെ 50-ാം ഗോൾ നേടിക്കൊണ്ട് എംബാപ്പെ, ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ തിയറി ഹെൻറിയുടെ തൊട്ടടുത്തെത്തി. ഹെൻറിയുടെ റെക്കോർഡുമായി ഒരു ഗോളിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഫ്രാൻസിനായി ഒലിവർ ഗിറൗഡ് 57 ഗോളുകളും, തിയറി ഹെൻറി 51 ഗോളുകളും, കിലിയൻ എംബാപ്പെ 50 ഗോളുകളുമാണ് നേടിയിട്ടുള്ളത്.