ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുമോ? താൻ ഇന്നു വരെ കഴിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ കോംബോ എന്ന വിശേഷണത്തോടെ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഒരു എക്സ് ഉപയോക്താവ്.
സ്വഭാവികമായും ഇതിനെതിരേ ട്രോളുകളുടെ ബഹളവുമാണ്, പ്രത്യേകിച്ച് മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാരിൽനിന്ന്. പോസ്റ്റിനെതിരേ അതിരൂക്ഷമായി പ്രതികരിച്ച മലയാളികളിൽ സാക്ഷാൽ ശശി തരൂരുമുണ്ട്.
ചിത്രത്തിൽ കാണുന്ന ഇഡ്ഡലി എ ഗ്രേഡ് അല്ലെന്ന് കൂടി അദ്ദേഹം ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പറയുന്നു. ചിത്രം തന്നെ പ്രകോപിപ്പിച്ചു എന്നു തുറന്നു പറയാനും അദ്ദേഹം മടിക്കുന്നില്ല.
ചിത്രത്തിൽ കാണുന്ന ഇഡ്ഡലിക്ക് കടുപ്പം കൂടുതലായാണ് തോന്നുന്നത്. അതിന്‍റെ നിറവും മാറിയിരിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. തരൂരിന്‍റെ റീട്വീറ്റ് വന്നതോടെ ഇഡ്ഡലി പോസ്റ്റ് കൂടുതൽ വൈറലായെന്നു പറയാനില്ലല്ലോ. ഒപ്പം, ട്രോളുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.