
'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമയുടെ വൻവിജയത്തിന് പിന്നാലെ, ആരാധകരെ ആവേശത്തിലാഴ്ത്തി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം പ്രഖ്യാപിച്ചു. 'രാസലീല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'മോഹിനിയാട്ട'ത്തിന്റെ സക്‌സസ് മീറ്റിനിടെയാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മലയാള സിനിമയെ ഒന്നാകെ അമ്പരപ്പിച്ച ചിത്രമാണ് ഭരതനാട്യം. ആദ്യ ചിത്രം തിയറ്ററിൽ വലിയ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ വൻ ഹിറ്റാതെ. പിന്നാലെ എത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഭരതനാട്യം 2: മോഹിനിയാട്ടം തിയറ്ററിൽ വൻ കളക്ഷൻ നേടി. ഇപ്പോൾ ചിത്രത്തിന്‍റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. സായ് കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്.
ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് ടീസറും പുറത്തുവന്നു. എന്തായാലും ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിയിരിക്കുകയാണ് മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനം. നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ഇത്തവണ 100 കോടി ഉറപ്പാണ് എന്നാണ് കമന്‍റുകൾ.
സാധാരണ സിനിമാ ഫ്രാഞ്ചൈസികൾ ഒരേ ജോണറിലുള്ള കഥകളുമായി മുന്നോട്ട് പോകുമ്പോൾ, ഓരോ ഭാഗത്തിലും വ്യത്യസ്തമായ പ്രമേയങ്ങൾ പരീക്ഷിക്കുന്നു എന്നതാണ് സീരീസിന്റെ പ്രത്യേകത. പരമ്പരയിലെ ആദ്യ ചിത്രമായ 'ഭരതനാട്യം' ഒരു സമ്പൂർണ്ണ ഫാമിലി കോമഡി എന്റർടെയ്‌നറായിരുന്നുവെങ്കിൽ, രണ്ടാംഭാഗമായ 'മോഹിനിയാട്ടം' ഡാർക്ക് ഹ്യൂമറിലും വൈകാരികമായ കഥപറച്ചിലിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട 'രാസലീല' ഹൊറർ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടും.