• Tue. Jun 23rd, 2026

24×7 Live News

Apdin News

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

Byadmin

Jun 23, 2026


വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ് ആയ ക്രെഡിൽ വൻ നിക്ഷേപം നടത്താനും വാട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റ ഒരുങ്ങുകയാണ്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ക്രെഡിൽ 8,550 കോടിയാണ് നിക്ഷേപിക്കുക. 2018ലാണ് കുനാൽ ഷാ ക്രെഡ് സ്ഥാപിച്ചത്. നൂറുകണക്കിന് സ്റ്റാർട്ട് അപ്പുകളിലും കുനാൽ ഷായ്ക്ക് നിക്ഷേപമുണ്ട്.

കോടിക്കണക്കിന് ആളുകൾക്കും ദശലക്ഷക്കണക്കിന് ബിസിനസുകൾക്കും വേണ്ടിയുള്ള ഏറ്റവും മികച്ച സേവനമായി വാട്സാപ്പിനെ മാറ്റാൻ കുനാൽ ഷായ്ക്ക് കഴിയുമെന്ന് മെറ്റ സിഇഓ മാർക്ക് സക്കർബർഗ് പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി വാട്സ്ആപ്പിനെ നയിച്ചിരുന്നത് വിൽ കാത്‌കാർട്ട് ആയിരുന്നു. കുനാൽ ഷാ വാട്സാപ്പിലേക്ക് മാറുന്നതോടെ ക്രെഡിന്റെ പുതിയ മേധാവിയായി മിതൻ സമ്പത്തിനെ നിയമിക്കും.

പരസ്യങ്ങളിലൂടെയും സബ്‌സ്‌ക്രിപ്‌ഷൻ ഉൽപ്പന്നങ്ങളിലൂടെയും വരുമാനം വർദ്ധിപ്പിക്കുന്നതിലും AI ഏജന്റുമാരെ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നതിലും ഊന്നൽ നൽകിക്കൊണ്ട്, വാട്ട്‌സ്ആപ്പിന്റെ അടുത്ത ഘട്ട വളർച്ചയ്ക്ക് നേതൃത്വം നൽകുന്നതിന് കുനാൽ ഷാ ചുമതലപ്പെടുത്തിയതായി മെറ്റ പറഞ്ഞു.

2018-ൽ സ്ഥാപിതമായ ക്രെഡ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമുകളിലൊന്നാണ്. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, വായ്പകൾ, ഇൻഷുറൻസ്, നിക്ഷേപ സേവനങ്ങൾ എന്നിവ നൽകുന്ന ക്രെഡിന് ഏകദേശം 1.7 കോടി പ്രതിമാസ സജീവ ഉപയോക്താക്കളാണുള്ളത്.

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളുടെ 40 ശതമാനത്തിലധികവും ക്രെഡ് പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുന്നത്. കുനാൽ ഷായുടെ നിയമനം ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തിനും ആഗോള സാങ്കേതിക രംഗത്തിനും വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്

By admin