
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച ജനസാഗരത്തിന് നടുവിലൂടെയാണ് വിഎസിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്നിറക്കി എകെജി സെന്‍ററില്‍ പൊതുദര്‍ശനത്തില്‍ വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ചു.
എകെജി സെന്‍ററിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ വരെ അവിടെ തുടരും. നാളെ എട്ട് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.
വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചു. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കുമ. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്.