
വളരെ രസകരമായതും വിചിത്രമായതുമായ അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു വിവാഹത്തെ സംബന്ധിച്ചാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഏത് സംസ്കാരത്തിലാണെങ്കിലും വിവാഹത്തിനുള്ള ഭക്ഷണം പ്രധാനമാണ്. എന്നാൽ, ആലോചിച്ച് നോക്കൂ വിശന്നുപൊരിഞ്ഞിരിക്കുമ്പോൾ വിവാഹത്തിൽ ആദ്യത്തെ ഭക്ഷണം ലേലം വിളിക്കുന്നതിലൂടെ മാത്രമേ കിട്ടൂ എന്ന് പറയുന്നത്. ഈ പോസ്റ്റിലും അതാണ് പറയുന്നത്.
വിവാഹത്തിന് വരനും വധുവും ആദ്യം വിളമ്പുന്ന ഭക്ഷണത്തിന് ലേലം വച്ചുവത്രെ. ആദ്യത്തെ പ്ലേറ്റ് മാത്രമാണ് ലേലം. എന്നാൽ, ലേലത്തിലൂടെ ആ പ്ലേറ്റ് സ്വന്തമാക്കുന്നവർക്കാണ് ആദ്യം ഭക്ഷണം വിളമ്പുക. അതിൽ നിന്നും കിട്ടുന്ന തുക വധുവിന്റെയും വരന്റെയും ഹണിമൂണിന് വേണ്ടിയാണത്രെ ചെലവഴിക്കുക.
@turbothad എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. ‘വധുവും വരനും എല്ലാവരോടുമായി പറഞ്ഞത് എല്ലാവർക്കും വിശക്കുന്നുണ്ടെന്ന് നമുക്കറിയാം. ഞങ്ങൾ ആദ്യത്തെ പ്ലേറ്റ് ഡിന്നർ ലേലം ചെയ്യുകയാണ്. അത് വാങ്ങുന്നവർക്ക് ആദ്യം ഭക്ഷണം വിളമ്പും. ലേലത്തിൽ നിന്നും കിട്ടുന്ന തുക ഞങ്ങളുടെ അലാസ്ക ഫിഷിംഗ് ട്രിപ്പ് ഹണിമൂണിന് വേണ്ടിയാണ്. പ്ലേറ്റ് $1500 (1,29,281.85 രൂപ) നാണ് ലേലത്തിൽ പോയത്. ബ്രില്ല്യന്റ്’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ഇതിനെ വിമർശിച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്. അല്ലെങ്കിലേ വിവാഹത്തിന് നല്ല ചെലവുണ്ട് അതോടൊപ്പം ഭക്ഷണത്തിനും ഇങ്ങനെ ചെലവാക്കണോ എന്നായിരുന്നു ചോദ്യം. ലേലം വിളിച്ച് ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നും പലരും കമന്റുകളിൽ സൂചിപ്പിച്ചു. എന്നാൽ, ഇത് വളരെ രസകരമായിരുന്നു എന്നാണ് പോസ്റ്റിട്ട യൂസർ പറയുന്നത്.