
കൊച്ചി: കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച മലയാളി പൈലറ്റ് ശ്രീഹരി സുകേഷിന്‍റെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും. ടൊറന്‍റോയില്‍ നിന്ന് ദില്ലിയില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ 8.10നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിലെത്തിക്കുക. തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി ജുലൈ 9നാണ് കാനഡയിലെ മാനിടോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ചത്. അപകടത്തില്‍ കനേഡിയന്‍ പൗരനായ പൈലറ്റ് സവന്ന മേ റോയസും (20) മരിച്ചിരുന്നു.
കാനഡയിലെ തെക്കൻ മാനിറ്റോബയിലെ സ്റ്റെയിൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമുള്ള ഹാർവ്സ് എയർ പൈലറ്റ് സ്കൂൾ ഉപയോഗിക്കുന്ന റൺവേയിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയായിരുന്നു അപകടം ഉണ്ടായത്. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ശ്രീഹരിക്ക് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ലഭിച്ചിരുന്നു. കൊമേഴ്‌സ്യൽ പൈലറ്റ് സർട്ടിഫിക്കേഷനായുള്ള പരിശീലനത്തിലായിരുന്നു അദ്ദേഹം. അപകടസമയത്ത്, രണ്ട് വിദ്യാർത്ഥി പൈലറ്റുമാർ സെസ്ന സിംഗിൾ എഞ്ചിൻ വിമാനങ്ങളിൽ ടേക്ക്ഓഫും ലാൻഡിംഗും പരിശീലിക്കുകയായിരുന്നുവെന്നാണ് ഹാർവ്സ് എയർ പൈലറ്റ് പരിശീലന സ്കൂളിന്റെ പ്രസിഡൻ്റ് ആദം പെന്നർ അറിയിച്ചത്.