• Sat. Nov 14th, 2026

24×7 Live News

Apdin News

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

Byadmin

Nov 14, 2026


ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്. പരിക്കേറ്റവരിൽ നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കാസിരംഗയ്ക്ക് സമീപത്തെ രംഗാജാനിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ബൊകാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂര്‍ണമായി തകർന്നു. നിരവധി പേർ വാഹനത്തിനുള്ളിൽ കുടുങ്ങി.

ട്രാവലറിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ദേശീയപാത 715ലാണ് അപകടമുണ്ടായത്. അപകടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അതീവ ദുഃഖം രേഖപ്പെടുത്തി. “ഇപ്പോൾ ഞങ്ങളുടെ പ്രഥമ പരിഗണന പരിക്കേറ്റവർക്ക് കാലതാമസമില്ലാതെ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഉറ്റവരെ നഷ്ടപ്പെട്ട് ദുഃഖാർത്തരായ കുടുംബങ്ങൾക്ക് മനഃശക്തി ലഭിക്കുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടിയിടിയുടെ ആഘാതത്തിൽ മിനിബസിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങി കിടന്നവരെ പുറത്തെടുക്കുകയായിരുന്നു.

പരിക്കേറ്റവരെ കൊഹോറ മോഡൽ ആശുപത്രിയിലേക്ക് വൈദ്യചികിത്സയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്.

By admin