• Tue. Jul 8th, 2025

24×7 Live News

Apdin News

ക്രിപ്‌റ്റോ നിക്ഷേപകർക്ക് ഗോൾഡൻ വിസ; പ്രചാരണം നിഷേധിച്ച് യുഎഇ

Byadmin

Jul 8, 2025





ദുബായ്: ക്രിപ്‌റ്റോ കറൻസിയായ ടോൺകോയിനിൽ നിക്ഷേപിച്ചവർക്ക് ഗോൾഡൻ വിസ അനുവദിച്ചുവെന്ന പ്രചാരണം നിഷേധിച്ച് യുഎഇ അധികൃതർ. വ്യക്തവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ ചട്ടക്കൂടുകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ഗോൾഡൻ വിസകൾ നൽകുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി, ഇതിൽ ഡിജിറ്റൽ കറൻസി നിക്ഷേപകർ ഉൾപ്പെടുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മികച്ച പ്രതിഭകൾ, ശാസ്ത്രജ്ഞർ, സ്പെഷ്യലിസ്റ്റുകൾ, മികച്ച വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഗോൾഡൻ വിസ അനുവദിച്ചിരിക്കുന്നത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി); സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സി‌എ); വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റിഎന്നിവ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.

ടെലിഗ്രാം അധിഷ്ഠിത ക്രിപ്‌റ്റോ ഇക്കോസിസ്റ്റം കൈകാര്യം ചെയ്യുന്ന ടൺ ഫൗണ്ടേഷന്‍റെ സിഇഒ മാക്‌സ് ക്രൗൺ, ടൺകോയിൻ ഉടമകൾക്ക് ഇപ്പോൾ ടൺ ഓഹരി നൽകി യുഎഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാമെന്ന് എക്‌സിൽ അവകാശപ്പെട്ടിരുന്നു.

ഇതെത്തുടർന്നാണ് ക്രിപ്‌റ്റോ നിക്ഷേപകർക്ക് ഗോൾഡൻ വിസ നൽകുന്നില്ലെന്ന് യുഎഇ അതോറിറ്റി വ്യക്തമാക്കിയത്. അതോടൊപ്പം പൂർണ്ണമായും ലൈസൻസുള്ള കമ്പനികളുമായി മാത്രം ഇടപാടുകൾ നടത്താൻ അധികൃതർ നിക്ഷേപകരോടും ഉപയോക്താക്കളോടും അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചനാപരമോ ആയ അവകാശവാദങ്ങളാൽ കുടുങ്ങാതെ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ വിശ്വാസ്യതയുള്ള ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ തേടണമെന്ന് എസ്‌സി‌എ പറഞ്ഞു. ഗോൾഡൻ റെസിഡൻസിയുടെ വ്യവസ്ഥകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഐസിപി വെബ്‌സൈറ്റ് സന്ദർശിക്കാമെന്ന് അധികൃതർ അറിയിച്ചു.



By admin