• Sat. Sep 26th, 2026

24×7 Live News

Apdin News

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണം; വോട്ടര്‍മാരെ ഒഴിവാക്കിയതില്‍ എസ്ഐടി അന്വേഷണം വേണമെന്നും സുപ്രീം കോടതിയില്‍ ഹര്‍ജി

Byadmin

Sep 26, 2026


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രണ്ട് കമ്മീഷണർമാരുടെയും സമ്മതമില്ലാതെ എസ്ഐആർ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന ആരോപണം മുന്‍നിര്‍ത്തിയാണ് ഹര്‍ജി. എസ്ഐആറുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ ഗ്യാനേഷ് കുമാര്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി നല്‍കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ 14 വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നുവെന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഹര്‍ജി.

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും സമ്മതമില്ലാതെ ഗ്യാനേഷ് കുമാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, സോഫ്റ്റ്‌വെയര്‍ പരിഷ്കാരങ്ങള്‍ എന്നിവ ഭരണഘടനാവിരുദ്ധവും, നിയമ സാധുതയില്ലാത്തതുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം, യഥാര്‍ത്ഥ ഫോം 6 പുനസ്ഥാപിക്കണം. 13 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് എങ്ങനെ ഒഴിവാക്കി എന്നതില്‍ അന്വേഷണം വേണം. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ചുമതലകളില്‍ വീഴ്ച വരുത്തിയ ഗ്യാനേഷ് കുമാറിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ.

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ വന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഗ്യാനേഷ് കുമാര്‍, സീനിയര്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗ്, ഐടി ഡയറക്ടര്‍ ജനറല്‍ സീമ ഖന്ന, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതികള്‍ സ്വീകരിച്ച്, പ്രോസികൃൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, പരിഷ്കരണം, തിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് സെക്ഷന്‍ 32.

എസ്ഐആറില്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത പുറത്തുവന്നതിനു പിന്നാലെ, ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിഞ്ഞ് മാപ്പുസാക്ഷിയാകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഗ്യാനേഷ് കുമാര്‍ ഉടനടി രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) അറിയിച്ചിട്ടുണ്ട്.

രാജിക്കായുള്ള പ്രതിഷേധം ശക്തമായിരിക്കെ, ഗ്യാനേഷ് കുമാർ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. വരുംദിവസങ്ങളില്‍ നടക്കാനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇന്ന് മീററ്റിലും, 28ന് വാരണാസിയിലും ജെന്‍സി വോട്ടര്‍മാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള പരിപാടികളാണ് മാറ്റിവച്ചത്. വോട്ടിങ്, തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ജെന്‍സികളെ ബോധവൽകരിക്കുന്നതിനാണ് പരിപാടി തീരുമാനിച്ചിരുന്നത്.

By admin