• Fri. Sep 20th, 2024

24×7 Live News

Apdin News

ചൂട് കുറയുന്നു, ഉച്ച സമയത്തെ തൊഴില്‍ നിയന്ത്രണം അവസാനിപ്പിച്ച് ഖത്തറും യുഎഇയും സൗദിയും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 17, 2024


Posted By: Nri Malayalee
September 16, 2024

സ്വന്തം ലേഖകൻ: വേനൽ കാലങ്ങളിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുണ്ടായിരുന്നു നിരോധനം നീക്കിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നത്.

നിര്‍മാണ മേഖലയിലെ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ കനത്ത ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു ഈ നിയന്ത്രണം. എന്നാൽ വേനൽക്കാലം അവസാനിച്ചതോടെ ഉച്ചസമയത്തുള്ള തൊഴിൽ നിയന്ത്രണം മന്ത്രാലയം നീക്കി. ഇന്നു മുതൽ നിർമാണ മേഖല ഉൾപ്പെടെ തൊഴിൽ മേഖലകൾ സാധരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം. ‌ഇത്തവണ കനത്ത ചൂടാണ് ഖത്തറില്‍ രേഖപ്പെടുത്തിയത്. ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.

സൗദി അറേബ്യയിൽ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് നൽകിയിരുന്ന മൂന്ന് മാസത്തെ മധ്യാഹ്ന ജോലി നിരോധനം അവസാനിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്തിന്റെ ഏകോപനത്തോടെ ജൂൺ 15 മുതൽ മൂന്ന് മാസ കാലയളവിൽ ഉച്ചയ്ക്ക് 12:00 മുതൽ 3:00 വരെ പുറം ജോലി നിരോധനം മന്ത്രാലയം നടപ്പാക്കിയിരുന്നു.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും തൊഴിൽപരമായ സുരക്ഷയ്ക്ക് അനുസൃതമായി അവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായാണ് നിയമം നടപ്പിലാക്കിയത്.

തൊഴിൽ സംരക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ദേശീയ കൗൺസിലുമായി ഏകോപിപ്പിച്ച്, തൊഴിൽ സമയം ക്രമീകരിക്കാനും തൊഴിൽപരമായ പരുക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനുള്ള തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി.

യുഎഇയില്‍ ഉച്ചവിശ്രമ നിയമം അഥവാ ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം ഇന്ന് സെപ്റ്റംബര്‍ 15 ഞായറാഴ്ച അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് രാജ്യത്ത് ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ഇടങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ഈ സമയങ്ങളില്‍ ജോലി ചെയ്യിക്കരുതെന്നായിരുന്നു നിയമം.

നിരോധന കാലയളവിലുടനീളം രാജ്യത്തെ 99.9 ശതമാനം കമ്പനികളും സ്ഥാപനങ്ങളും നിയമം പാലിച്ചതായും അതുകൊണ്ടുതന്നെ ഈ സംരംഭം വിജയകരമായിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിയയം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഏകദേശം 134,000 പരിശോധനാ സന്ദര്‍ശനങ്ങള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയതായും 51 ലംഘനങ്ങള്‍ മാത്രമേ കണ്ടെത്തിയുള്ളൂ എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതേക്കുറിച്ച് കമ്പനികള്‍ക്കുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള അവബോധവും തൊഴിലാളികളോടുള്ള അവരുടെ ഉത്തരവാദിത്തങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

By admin