• Tue. Sep 24th, 2024

24×7 Live News

Apdin News

തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും: എംപ്ലോയ്മെൻറ് റൈറ്റ്സ് ബില്‍ അടുത്ത മാസം പാര്‍ലമെന്റില്‍ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 24, 2024


Posted By: Nri Malayalee
September 23, 2024

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അശുഭകരമായ വാര്‍ത്തകള്‍ പരത്തുകയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ആരോപണമുയരുമ്പോള്‍, തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ബില്‍ അടുത്ത മാസം കൂടുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നാര്‍ പറഞ്ഞു. പര്‍ട്ടി സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 22 ബില്യന്‍ പൗണ്ടിന്റെ ധനക്കമ്മി നികത്താന്‍ അടുത്ത ബജറ്റില്‍ ചില കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ്, രാജ്യത്തിന്റെ സമ്പദ്സ്ഥിതിയെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് എതിരാളികള്‍ ആരോപിക്കുന്നത്.

എന്നാല്‍, പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നാണ് ഉപപ്രധാനമന്ത്രി പറയുന്നത്. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചെങ്കിലും, വെല്ലുവിളികളും ഏറുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തങ്ങള്‍ക്ക് ആവില്ല, അത് അഭിമുഖീകരിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞ അവര്‍, അതാണ് സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസമെന്നും സൂചിപ്പിച്ചു. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ ആദ്യത്തെ പൂര്‍ണ്ണദിന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്നാല്‍, ശരിയായ നടപടികള്‍ എടുത്താല്‍ എല്ലാം നേരെയാകും. സുസ്ഥിരമായ ഒരു സാമ്പത്തിക വളര്‍ച്ചകൊണ്ട് മാത്രമെ ബ്രിട്ടനിലെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുകയുള്ളു എന്നും അവര്‍ പറഞ്ഞു. ബ്രിട്ടന്റെ നില പഴയതിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ അടിത്തറയിട്ടു കഴിഞ്ഞു എന്നും അവര്‍ അറിയിച്ചു. വാടകക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതം ഉറപ്പാക്കാനുള്ള നടപടികളും അവര്‍ വിവരിച്ചു. കാരണം കൂടാതെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് ഇതില്‍ ഉള്ളത്.

പുതിയ സമൂഹ ഭവന നിര്‍മ്മാണ പദ്ധതികളെ കുറിച്ചും ഉപപ്രധാനമന്ത്രി സൂചിപ്പിച്ചു. എന്നാല്‍, തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള ബില്ലുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനാണ് ഏറെ കൈയടി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റിന്റെ ഒക്ടോബര്‍ സമ്മേളനത്തില്‍ ചര്‍ച്ചക്ക് വയ്ക്കും. ഈ ബില്ലിനെതിരെ വ്യാപാരവ്യവസായ സമൂഹത്തില്‍ നിന്നും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

By admin