• Thu. Oct 8th, 2026

24×7 Live News

Apdin News

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

Byadmin

Oct 8, 2026


വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാറ്റുന്നതിന് അനുമതിയുണ്ട്. നിബന്ധനകളോടെയാണ് മാറ്റങ്ങള്‍ക്ക് അനുമതി. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ബാധകമാണ്. മാറ്റങ്ങൾ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. ആൾട്ടറേഷൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾക്ക് അനുമതി നല്‍കിയിരിക്കുന്നത്. വിശദമായ ഉത്തരവ് ഗതാഗത കമ്മീഷണര്‍ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും അയച്ചു.

മോട്ടോര്‍ വാഹന വകുപ്പ് അനുവദിച്ച മോഡിഫിക്കേഷനുകള്‍

  1. വാഹനത്തിന്റെ നിറം മാറ്റം: രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വേണം. മാറ്റം ആര്‍സിയില്‍ രേഖപ്പെടുത്തണം. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം (സിഎംവിആര്‍) ചട്ടം 121 പ്രകാരമോ, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്‌ടിഎ) തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ട നിറം ഉപയോഗിക്കാനാവില്ല
  2. എൻജിന്‍ മാറ്റം: വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ മുതലായവ) എന്‍ജിന്‍ ആകണം, അതേ കമ്പനി ആയിരിക്കണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവയ്ക്കുന്നത് (Engine Swapping) അനുവദിക്കില്ല. ഇതെല്ലാം ആര്‍സിയില്‍ രേഖപ്പെടുത്തണം.
  3. ഷാസി മാറ്റം: നിലവിലുള്ള ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടേതുമാകണം. മറ്റൊരു തരം വാഹനത്തിനായി നിര്‍മിച്ച ഷാസി ഉപയോഗിക്കാന്‍ പാടില്ല.
  4. ബോഡിയിൽ രൂപമാറ്റം: സിഎംവിആര്‍ ചട്ടം 112 കര്‍ശനമായി പാലിക്കണം. ആർസിയിൽ രേഖപ്പെടുത്തണം.
  5. ഇന്ധന ടൈപ്പ് മാറ്റം: അംഗീകൃത റിട്രോഫിറ്റ്‌മെന്റ് കിറ്റ് ഉപയോഗിക്കണം. ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ, വാഹന കമ്പനി ഡീലർ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക് ഷോപ്പ്, സർവീസ് സ്റ്റേഷൻ എന്നിവ മുഖേന മാത്രമേ ഇന്ധ ടൈപ്പ് മാറ്റാവൂ. ആർസിയിൽ ഉള്‍പ്പെടുത്തണം.
  6. പ്രൊപ്പൽഷൻ സിസ്റ്റം മാറ്റം: അംഗീകൃത കൺവേർഷൻ കിറ്റുകൾ മാത്രം ഉപയോഗിക്കണം. കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം. ആർസിയിൽ രേഖപ്പെടുത്തണം.
  7. ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍: ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ, വാഹന നിർമാതാവിന്റെ ഡീലർ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വർക്ക്‌ ഷോപ്പ്, സർവീസ് സ്റ്റേഷൻ മുഖേന മാത്രം ചെയ്യണം. കേന്ദ്ര വിജ്ഞാപനത്തിലെവ്യവസ്ഥകള്‍ ബാധകം.

By admin