• Fri. Sep 27th, 2024

24×7 Live News

Apdin News

നെറ്റ് മൈഗ്രേഷൻ കുറയ്ക്കാതെ രക്ഷയില്ല, കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി ലേബർ മുന്നോട്ട് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 27, 2024


Posted By: Nri Malayalee
September 26, 2024

സ്വന്തം ലേഖകൻ: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിര്‍ക്ക് രേഖപ്പെടുത്തിയ നെറ്റ് മൈഗ്രേഷന്‍ കുറച്ചു കൊണ്ടു വരുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയ സൂചന. ബ്രിട്ടന്‍ ദീര്‍ഘകാലമായി വിദേശ തൊഴിലാളികള്‍ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരാനും നടപടികള്‍ ഉണ്ടാകും. വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്ന മേഖലകളെ കണ്ടെത്തി, അവയ്ക്കാവശ്യമായ തൊഴിലാളികളെ തദ്ദേശീയമായി തന്നെ പരിശീലിപ്പിച്ച് എടുക്കുന്നതിനായി വന്‍ തോതില്‍ മുതല്‍ മുടക്കാനാണ് തീരുമാനം.

തൊഴിലാളി ക്ഷാമം കാരണം, കൂടുതലായി വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള ചുമതല മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി (എം എ സി)ക്ക് നല്‍കും. അതുപോലെ വിദേശ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും കൂടുതല്‍ ശക്തമാക്കും. മാത്രമല്ല, ഈ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും ഉണ്ടാകും. ഒരുപക്ഷെ ഭാവിയില്‍ വിദേശ തൊഴിലാളികളെ കൊണ്ടുവരാന്‍ പോലും നിയമലംഘകരായ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല.

അതിനോടൊപ്പം, നിലവില്‍ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് ഉള്ളവര്‍, സ്പോണ്‍സര്‍ഷിപ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികളും ഉണ്ടാകും. യു കെ വീസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ (യു കെ വി ഐ) വിഭാഗം, സംശയാസ്പദമായ സ്ഥാപനങ്ങളിലെല്ലാം ഇടക്കിടെ റെയ്ഡ് നടത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളാകും ഇതിനായി സ്വീകരിക്കുക. കുടിയേറ്റ നയവും, തൊഴില്‍ നൈപുണികളും, വിപുലമായ തൊഴില്‍ വിപണി നയങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഇതിനോടകം തന്നെ ഹോം സെക്രട്ടറി നിര്‍ദ്ദേശിച്ച സമീപനവുമായി ഒത്തുപോകുന്നതായിരിക്കും ഇത്. അതുകൊണ്ടു തന്നെ, തൊഴിലാളി ക്ഷാമം നികത്താന്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്നത് തൊഴിലുടമയുടെ ഏക പോംവഴി ആകില്ല.

പുതുതായി രൂപീകരിച്ച സ്‌കില്‍സ് ഇംഗ്ലണ്ട്, വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് വകുപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എം എ സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അതുവഴി, യു കെയിലെ വിവിധ മേഖലകള്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണി ഇവിടെ തന്നെ സൃഷ്ടിക്കാന്‍ ആയിരിക്കും ശ്രമിക്കുക. അതിനു പുറമെ ഹോം ഓഫീസിന്റെ വീസ നയങ്ങളെ വിപണി ആവശ്യങ്ങളും തൊഴില്‍ നൈപുണികളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ബ്രിട്ടീഷ് യുവാക്കള്‍ക്ക് ആവശ്യമായ മേഖലകളില്‍ ആവശ്യമായ പരിശീലനം നല്‍കി, വിദേശ തൊഴിലാളികളെ പരമാവധി ഒഴിവാക്കുക എന്ന നയമായിരിക്കും ലേബര്‍ സര്‍ക്കാര്‍ സ്വീകരിക്കുക.

വിദേശ തൊഴിലാളികളുടെ വരവ് പരിമിതപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും, അവര്‍ക്കെതിരായ വംശീയ വിവേചനം ഒരു കാരണവശാലും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പും കീര്‍ സ്റ്റാര്‍മര്‍ നല്‍കി. നെറ്റ് മൈഗ്രേഷനും, അതിനു മേലുള്ള രാജ്യത്തിന്റെ സാമ്പത്തിക ആശ്രയത്വവും കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷക്കണക്കിന് യുവാക്കള്‍ ബ്രിട്ടനിലുള്ളപ്പോള്‍, അവര്‍ക്ക് പരിശീലനം നല്‍കി തൊഴിലിന് സജ്ജരാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പല അപ്രന്റീസ്ഷിപ് കോഴ്സുകളും ആളില്ലാതെ നിര്‍ത്തലാക്കേണ്ടി വരുമ്പോള്‍, അതേ തൊഴിലുകള്‍ക്കുള്ള വിദേശ തൊഴിലാളികളുടെ അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍ത്ത്‌കെയര്‍, ഐ ടി, ഹോസ്പിറ്റാലിറ്റി എന്നിവ ഉള്‍പ്പടെയുള്ള പല മേഖലകളും അടുത്തകാലത്തായി വിദേശ തൊഴിലാളികളെ അമിതമായി അശ്രയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കരിന്റെ വീസ നിയന്ത്രണങ്ങള്‍ ബ്രിട്ടന്റെ തൊഴില്‍ വിപണിയെ എപ്രകാരം ബാധിച്ചു എന്ന് കണ്ടെത്തുന്നതിനായി ഒരു സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

By admin