• Fri. Jul 17th, 2026

24×7 Live News

Apdin News

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

Byadmin

Jul 17, 2026


വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്ള തീരദേശ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പ്രശസ്ത വിനോദസഞ്ചാര മേഖലയായ ഫിയോർഡ്‌ലാൻഡിന്റെ പ്രധാന പ്രവേശന കവാടമായ തേ അനാവുവിന് 40 കിലോമീറ്റർ വടക്കാണെന്ന് ന്യൂസിലൻഡിന്റെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയും ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസും ഭൂചലനത്തിന്റെ തീവ്രത 5.9 ആയി കണക്കാക്കി. 50 കിലോമീറ്ററിലധികം ആഴത്തിലാണ് ഭൂചലനം സംഭവിച്ചത്.

ഭൂചലനത്തെത്തുടർന്ന് ന്യൂസിലൻഡിന്റെ തീരപ്രദേശങ്ങളിൽ ശക്തവും അസാധാരണവുമായ ഒഴുക്കും പ്രവചനാതീതമായ തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആളുകൾ വെള്ളത്തിൽ നിന്നും ബീച്ചുകളിൽ നിന്നും തീരപ്രദേശങ്ങളിൽ നിന്നും മാറിനിൽക്കേണ്ടതാണെന്നും തുറമുഖങ്ങൾ, മറീനകൾ, നദികൾ, കായലുകൾ എന്നിവയിൽ നിന്നും അകലം പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ബോട്ടുകളിലും മറ്റും തുടരുന്നവർ എത്രയും വേഗം തിരികെ എത്തണമെന്നും ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബോട്ടുകളിലേയ്ക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.

By admin