• Tue. Jul 15th, 2025

24×7 Live News

Apdin News

പാലക്കാട് നിപ ബാധ: സമ്പര്‍ക്കപ്പട്ടികയില്‍ 112 പേർ; സംസ്ഥാനത്ത് ആകെ 609 പേര്‍

Byadmin

Jul 15, 2025





തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേരാണ് ഉള്ളത്. അതില്‍ 112 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 8 പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

രോഗ ലക്ഷണവും സമ്പര്‍ക്കപട്ടികയിലും ഉള്ളവരില്‍ ചിലരുടെ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളെങ്കില്‍ നിപ്പയില്‍ പുതുതായി ഒരു മരണം കൂടി സംഭവിച്ചതോടെ അതീവ ജാഗ്രതയിലേക്ക് കടന്നിരിക്കുകയാണ് ആരോഗ്യമേഖല. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 58 കാരാണ് മരണപ്പെട്ടത്.

ഒരാഴ്ച മുമ്പാണ് 58 കാരന് പനി ബാധിച്ച്, മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ വട്ടമ്പലത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി കഴിഞ്ഞ ദിവസം മരിച്ചു. കുമരംപുത്തൂർ ചങ്ങലീരിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. സമ്പര്‍ക്കമുണ്ടായവര്‍ ക്വാറൻ്റീനിൽ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി.



By admin