കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീട് എടുത്തു. ബേക്കറി ജംഗ്ഷനിലാണ് വാടക വീടെടുത്തത്. ഡൽഹിയിൽ നിന്ന് മടങ്ങി എത്തിയാൽ താമസിക്കുക ഈ വീട്ടിലായിരിക്കും. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റി.
പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് താമസം മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങൾക്കായി പാർട്ടി അനുവദിക്കുന്ന താമസസൗകര്യമാണിത്. ക്ലിഫ് ഹൗസിലെ തന്റെ പ്രിയപ്പെട്ട വളർത്തുനായ റോബിയെയും അദ്ദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം പിണറായി സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാലെ ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്.
എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭരണക്കാലത്ത് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.