കൊല്‍ക്കൊത്ത: ചന്ദ്രനാഥ് രഥിന്റെ മകനെ താന്‍ ദത്തെടുത്ത് വളര്‍ത്തുമെന്ന് മുഖ്യമന്ത്രിസുവേന്ദു അധികാരി. ഇനിയുള്ള കാലം മകന്റെ വിദ്യാഭ്യാസത്തിനുള്ള എല്ലാ ചെലവും വഹിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.
സുവേന്ദു അധികാരിയുടെ വിശ്വസ്തനും എല്ലാ പ്രവര്‍ത്തനങ്ങളും സമര്‍ത്ഥമായി ഏകോപിപ്പിക്കുകയും ചെയ്ത ചെറുപ്പക്കാരനായിരുന്നു ചന്ദ്രനാഥ് രഥ്. അതുകൊണ്ട് തന്നെയാണ് എതിരാളികളുടെ നോട്ടപ്പുള്ളിയായത്. പ്രത്യേകിച്ചും ഭവാനിപൂരില്‍ മമതയ്‌ക്കെതിരായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ചന്ദ്രനാഥ് രഥ് മുഖ്യ പങ്ക് വഹിച്ചിരുന്നു.
ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന രാത്രിയിലാണ് സുവേന്ദു അധികാരിയുടെ പിഎ ആയിരുന്ന ചന്ദ്രനാഥ് രഥിനെ ബൈക്കില്‍ പിന്തുടര്‍ന്ന കൊലയാളി സംഘം കാറിനുള്ളിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. മൂന്ന് ബുള്ളറ്റുകള്‍ തറച്ചാണ് ചന്ദ്രനാഥ് രഥ കൊല്ലപ്പെട്ടത്.
പ്രതിയെ കുടുക്കിയത് ടോള്‍ പ്ലാസയില്‍ നല്‍കിയ ഡിജിറ്റല്‍ പേമെന്‍റ്
ഇപ്പോള്‍ മൂന്ന് കൊലയാളികള്‍ പിടിയിലായി. ഇതില്‍ ഒരാള്‍ കൊലപാതകം കഴിഞ്ഞ ഏതാനും മിനിറ്റുകള്‍ക്കകം നിവേദിത സേതുവിലെ ബാലി ടോള്‍ പ്ലാസയില്‍ യുപിഐ വഴി പണം നല്‍കിയതാണ് കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കിയത്. ഫാസ്ടാഗ് വഴിയോ നേരിട്ട് പണം കൊടുക്കുകയോ അല്ലാതെ ഡിജിറ്റല്‍ പേയ്‌മെന്‍റ് വഴി പണം നല്‍കിയതില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ഈ യുപിഐ പണമിടപാടുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം അറിയുന്നത്.
കൊലപാതകി ഷാര്‍പ് ഷൂട്ടര്‍
കൊലപാതകികളായ മൂന്ന് പേരില്‍ ഒരാളായിരിക്കണം ചന്ദ്രനാഥിന് നേരെ നിറയൊഴിച്ചത്. അയാള്‍ നാല് ബുള്ളറ്റുകള്‍ ഉതിര്‍ത്തതില്‍ മൂന്നും ചന്ദ്രനാഥിന്റെ മര്‍മ്മസ്ഥാനങ്ങളില്‍ തുളഞ്ഞുകയറിയിരുന്നു. തല്‍ക്ഷണം മരിച്ചു. ഈ കൊലയാളി ഒരു ഷാര്‍പ് ഷൂട്ടറാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്ന് പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇവരില്‍ നിന്നും കിട്ടുമെന്ന് കരുതുന്നു. കൊലപാതകികള്‍ക്ക് വേണ്ടി വാഹനസൗകര്യം ഏര്‍പ്പെടുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
സന്യാസിയാകാന്‍ മോഹിച്ച പയ്യന്‍
നേരത്തെ ബംഗാളിലെ ഹരേകൃഷ്ണ സ്കൂളില്‍ പഠിച്ച ചന്ദ്രനാഥ് രഥ് ആത്മീയകാര്യങ്ങള്‍ ഏറെ തല്പരനായിരുന്നു. ഒരു ഘട്ടത്തില്‍ സന്യാസിയാകാന്‍ മോഹിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ വ്യോമസേനയുടെ സ്കൂളില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ ഇത് ഉപേക്ഷിച്ചാണ് ചന്ദ്രനാഥ് രഥ് എന്ന മിടുക്കന്‍ സുവേന്ദു അധികാരിയുടെ പിഎ ആയത്.