• Fri. Jul 4th, 2025

24×7 Live News

Apdin News

പുതിയ ദലൈ ലാമയെ തെരഞ്ഞെടുക്കാൻ ചൈനയുടെ അനുമതി വേണ്ട: ഇന്ത്യ

Byadmin

Jul 3, 2025





ന്യൂഡൽഹി: പുതിയ ദലൈ ലാമയെ തെരഞ്ഞെടുക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ ചൈനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ഇന്ത്യ. പിൻഗാമിയെ പ്രഖ്യാപിക്കാനുളള അധികാരം ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയിൽ നിക്ഷിപ്തമാണെന്നും ഇന്ത്യ വ്യക്തമാക്കി. ടിബറ്റിലുളളവർക്ക് മാത്രമല്ല, ലോകത്തിലെ ദലൈ ലാമയുടെ എല്ലാ അനുയായികൾക്കും അദ്ദേഹത്തിന്‍റെ സ്ഥാനം പ്രധാനമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു.

തന്‍റെ മരണശേഷം പിൻഗാമിയുണ്ടാകുമെന്ന് ടിബറ്റൻ ബുദ്ധിസത്തിന്‍റെ ആത്മീയ നേതാവ് ദലൈലാമ പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടർന്ന് ടിബറ്റൻ ബുദ്ധിസത്തിന് അന്ത്യമായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുകയും ചെയ്തു. ധർമശാലയില്‍ നൂറിലധികം സന്ന്യാസിമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടായിരുന്നു ദലൈ ലാമയുടെ സുപ്രധാന പ്രഖ്യാപനം.

മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ചൈനയെ ലക്ഷ്യമിട്ട് ദലൈലാമ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പുതിയ ദലൈലാമയെ പ്രഖ്യാപിക്കാനാകൂ എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

ദലൈ ലാമയുടെ മരണശേഷം പുതിയ ലാമയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഗാഡന്‍ ഫോഡ്രാങ് ട്രസ്റ്റിനാണെന്ന കാര്യം 2024 ല്‍ തന്നെ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ ദലൈ ലാമ സ്ഥാപിച്ച ട്രസ്റ്റാണിത്.

എന്നാല്‍, ചൈനയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍, തങ്ങളുടെ മേൽനോട്ടത്തില്‍ മാത്രമേ ലാമയുടെ പിന്‍ഗാമിയുടെ തെരഞ്ഞെടുക്കല്‍ നടക്കൂ എന്നാണ് ചൈനയുടെ പ്രസ്താവന. ഇതിനെതിരേയാണ് ഇന്ത്യ പ്രതികരിച്ചത്.



By admin