• Sat. Jun 20th, 2026

24×7 Live News

Apdin News

പേരുമാറ്റത്തിനൊരുങ്ങി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ’; ഇനി ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്

Byadmin

Jun 20, 2026


ന്യൂ ഡൽഹി: ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിനിടെ പേര് മാറ്റത്തിനൊരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗം അംഗീകാരം നൽകി.

ഇതിന്‍റെ ഭാഗമായി ഫെഡറേഷൻ ഉടൻ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കും. കായിക മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ‌പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകുമെന്ന് ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബേ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പേര് മാറ്റാനുള്ള നിർദ്ദേശം കായിക മന്ത്രാലയത്തിന് അയക്കുകയാണ്. ഇതൊരു വലിയ പ്രക്രിയയാണ്, അതിന് ഇന്ന് ഔദ്യോഗികമായി തുടക്കമായി കഴിഞ്ഞു. മന്ത്രാലയം ഇത് അംഗീകരിച്ചില്ലെങ്കിലോ മറ്റെന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയാലോ ഈ നീക്കവുമായി മുന്നോട്ട് പോകില്ല. എന്നാൽ മന്ത്രാലയം അംഗീകരിക്കുകയാണെങ്കിൽ, ഞങ്ങൾ ഇത് വീണ്ടും ജനറൽ ബോഡിയിൽ കൊണ്ടുവരികയും തുടർന്ന് ഫിഫയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്യും-കല്യാൺ ചൗബേ വ്യക്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെപ്റ്റംബർ 4 ന് ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ ബോഡി അംഗങ്ങളോട് അറിയിച്ചു. വെർച്വൽ യോ​ഗത്തിലായിരുന്നു തീരുമാനം അറിയിച്ചത്. ഇതിലാണ് പേരുമാറ്റത്തെ കുറിച്ചു ചർച്ച നടന്നത്. ഡ്യൂറന്‍ഡ് കപ്പ് ജൂൺ 25നും ജൂലൈ 25നും ഇടയിൽ നടക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. ഏഴു മാസം നീളുന്ന പൂർണ സീസണായിരിക്കും 2026-27 ഐഎസ്എൽ. എഐഎഫ്എഫ് മേൽനോട്ടത്തിലായിരിക്കും ലീഗ്.

By admin