തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തത്തില്‍ വിവാദം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കോണ്‍ഗ്രസിന്റെ അധികായനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സ്മാരകം പ്രഖ്യാപിക്കും എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്നവരും കോണ്‍ഗ്രസ് അണികളും കരുതിയിരുന്നത്. മറ്റ് പലരുടെയും പേരില്‍ സ്മാരകങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സ്മാരകം പ്രഖ്യാപിക്കാത്തതിൽ അണികൾക്കിടയിൽ അമർഷമുണ്ട്.
വി ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മ, നടന്‍ സലിം കുമാര്‍, ഗായകന്‍ ഉമ്പായി എന്നിവരുടെ പേരില്‍ സ്മാരകങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ജോണ്‍സണ്‍ മ്യൂസിക് അക്കാദമിയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിൽ സ്മാരകമായി ഒരു സാംസ്‌കാരിക കേന്ദ്രവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും മറ്റ് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
ഇന്‍ഷുറന്‍സ് പദ്ധതി തന്നെ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗം മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വിഷയത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മനും രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജനങ്ങള്‍ക്ക് അത്തരം ആഗ്രഹങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിനായി അനുയോജ്യമായ ‘ജീവിക്കുന്ന സ്മാരകം’ നിര്‍മ്മിക്കും എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് സ്മാരകം പണിയുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പരിശോധന നടത്തുമെന്നാന്നാണ് തന്റെ വിശ്വാസം എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സ്മാരകം പ്രഖ്യാപിക്കാത്തതിലൂടെ കോണ്‍ഗ്രസിന്റെ നിലപാടാണ് വ്യക്തമാകുന്നത് എന്ന് സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുബാഷ് പി വര്‍ഗീസ് പറഞ്ഞു. മുഖ്യമന്ത്രി അക്കാര്യത്തില്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ആദ്യമായി സ്മാരകം പണിയുന്നത് പിണറായി സര്‍ക്കാരാണ്. പുതുപ്പള്ളിയില്‍ ഒരു മിനി സിവില്‍ സ്റ്റേഷന്‍ വേണമെന്ന് തീരുമാനിച്ചപ്പോള്‍ അതിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാന്‍ അന്നത്തെ എല്‍ഡിഎഫ് ഭരണസമിതി തീരുമാനിച്ചിരുന്നു. അതിന് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അന്‍പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് 75 ലക്ഷം രൂപയും അനുവദിച്ചു. അതിന്റെ പണി പൂര്‍ത്തിയാകാറായി. ഇതിന് പുറമേ പുതുപ്പള്ളിയില്‍ ഒരു റോഡിനും അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.