• Tue. Apr 21st, 2026

24×7 Live News

Apdin News

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ…

Byadmin

Apr 21, 2026


കാവേരി നദിയുടെ കരകളിലൂടെ യാത്ര തിരിക്കുമ്പോൾ, കാലം തന്നെ മന്ദഗതിയിൽ നടക്കുന്നതുപോലെ തോന്നും. യാത്രയിലുടനീളം ഒഴുകിപ്പോകുന്ന പച്ചപ്പും, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ക്ഷേത്രഗോപുരങ്ങളുമെല്ലാം എന്നെ എത്തിച്ചത് ചരിത്രവും കലയും ആത്മാവായി ജീവിക്കുന്ന തഞ്ചാവൂർ എന്ന ദേശത്താണ്. സൂര്യൻ ഉച്ചസ്ഥായിൽ നിൽക്കുന്ന ഒരു നട്ടുച്ച നേരത്താണ് ഞാൻ ആ നഗരത്തിൽ കാലുകുത്തിയത്, എന്നാൽ ആ ഉച്ച ചൂടിനു പോലും ഒരു പാരമ്പര്യത്തിന്റെ ചൂടുള്ളപോലെ തോന്നി. ചുറ്റും കലയും പാരമ്പര്യവും കൈകോർക്കുന്ന ഒരു ശാന്തത. എന്നാൽ എന്നെ ഇവിടെ ആകർഷിച്ചത് ആകാശത്തോട് കഥപറയുന്ന ക്ഷേത്രഗോപുരങ്ങളോ ഭൃഹത്തായ ശില്പകലകളോ സംഗീതത്തിന്റെ പ്രതിധ്വനികളോ അല്ല. ക്ഷേത്രത്തിനു മുൻവശത്തെ ഒരു ചെറുകടയുടെ കോണിൽ ഇരുന്നിരുന്ന നിറമുള്ള വസ്ത്രവും, വട്ടമുഖവും, കനത്ത കണ്ണുകളുമുള്ള തഞ്ചാവൂർ ബൊമ്മകളായിരുന്നു.

നൂറ്റാണ്ടുകളുടെ ചരിത്രവും കരവിരുതും ഒത്തുചേരുന്ന ഈ ‘തഞ്ചാവൂർ തലയാട്ടി ബൊമ്മകൾ’ കേവലം കളിപ്പാട്ടങ്ങളല്ല, മറിച്ച് തമിഴ് സംസ്കാരത്തിന്റെ അടയാളം കൂടിയാണ്. തഞ്ചാവൂരിന്റെ ഹൃദയമിടിപ്പായ ഈ ബൊമ്മകളെ തേടി ഇറങ്ങിയ ഞാൻ ചെന്നെത്തിയത് മാരിയമ്മൻ കോവിലിനടുത്തുള്ള ‘ബൊമ്മത്തെരുവു’കളിലാണ്. അവിടെയാണ് നൂറ്റാണ്ടുകളായി വീഴാതെ നിൽക്കുന്ന, താളത്തിനൊത്ത് തലയാട്ടുന്ന വിസ്മയങ്ങൾ ജനിക്കുന്നത്. തഞ്ചാവൂരിന്റെ ആത്മാവ് തൊട്ടറിയണമെങ്കിൽ അവിടുത്തെ ക്ഷേത്രങ്ങൾ മാത്രം കണ്ടാൽ പോരാ, ഈ ബൊമ്മകളുടെ താളം കൂടി അറിയണം.

തഞ്ചാവൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, പുന്നൈനല്ലൂർ മാരിയമ്മൻ കോവിലിലേക്കുള്ള പാതയോരങ്ങളിൽ ഇന്നും പഴയൊരു കാലം ജീവിക്കുന്നുണ്ട്. ക്ഷേത്രമണികളുടെ നാദത്തിനൊപ്പം കാവേരി നദി ഒഴുക്കിക്കൊണ്ടുവന്ന കളിമണ്ണിനെ പ്രണയിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഗ്രാമങ്ങൾ. ആ ഗ്രാമവീഥികളിലൂടെയുള്ള യാത്രയിലാണ് തഞ്ചാവൂർ ബൊമ്മകളുടെ യഥാർത്ഥ ആത്മാവ് ഞാൻ തൊട്ടറിഞ്ഞത്.

മാരിയമ്മൻ കോവിലിന് ചുറ്റുമുള്ള ചെറിയ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വീടിന്റെ ഉമ്മറത്തിരുന്ന് ചായം പൂശുന്ന കലാകാരന്മാരെ കാണാം. അവിടെ മണ്ണ് വെറുമൊരു വസ്തുവല്ല, മറിച്ച് തലമുറകളായി പകർന്നു കിട്ടിയ പുണ്യമാണ്.

കളിമണ്ണിൽ തീർക്കുന്ന വിസ്മയം

ഗ്രാമത്തിലെ ഒരു ചെറിയ പണിപ്പുരയിലേക്ക് കടന്നപ്പോൾ കണ്ട കാഴ്ച അവിസ്മരണീയമാണ്. തഞ്ചാവൂരിലെ തനതായ കളിമണ്ണും (വണ്ടൽ മണ്ണ്) കടലാസ് കുഴമ്പും ചേർത്ത് അവർ രൂപങ്ങൾ മെനയുന്നു.

“ഇത് വെറും കളിപ്പാട്ടമല്ല , ഞങ്ങളുടെ ജീവനാണ്,”

ചായം പുരണ്ട വിരലുകൾ കൊണ്ട് ഒരു ബൊമ്മയുടെ മുഖം വരയ്ക്കുന്നതിനിടയിൽ രാജേന്ദ്ര പ്രഭു എന്ന കലാകാരൻ പറഞ്ഞു.

ഓരോ ബൊമ്മയും നിർമ്മിക്കുന്നത് നാലോ അഞ്ചോ വ്യത്യസ്ത ഭാഗങ്ങളായാണ്. ഈ ഭാഗങ്ങൾ കമ്പികളാൽ പരസ്പരം ബന്ധിപ്പിക്കുന്നു. മാരിയമ്മൻ കോവിലിന് ചുറ്റുമുള്ള ഈ ഗ്രാമങ്ങളിൽ വായുസഞ്ചാരമുള്ള വീടുകളിലാണ് ഇവ ഉണക്കിയെടുക്കുന്നത്. പ്രകൃതിദത്തമായ കാറ്റും വെളിച്ചവും ആ കളിമണ്ണിനെ ഉറപ്പുള്ളതാക്കി മാറ്റുന്നു.

ചരിത്രത്തിന്റെ വേരുകൾ

തഞ്ചാവൂർ ബൊമ്മകളുടെ ഉത്ഭവം 19-ാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. മറാഠാ രാജാവായ ശരഭോജി രണ്ടാമന്റെ ഭരണകാലത്താണ് ഈ കലാരൂപത്തിന് വലിയ പ്രോത്സാഹനം ലഭിച്ചത്. അക്കാലത്ത് രാജകൊട്ടാരങ്ങളിൽ അലങ്കാരമായി വെച്ചിരുന്ന ഇവ പതുക്കെ സാധാരണക്കാരിലേക്കും വ്യാപിച്ചു. ഭാരതീയ കലകളെയും കരകൗശല വിദ്യകളെയും സ്നേഹിച്ചിരുന്ന മറാഠാ രാജാക്കന്മാർ തഞ്ചാവൂരിലെ തനത് ശൈലിക്കൊപ്പം മറാഠാ കലയുടെ അംശങ്ങളും ഇതിൽ ചേർത്തു.

സാധാരണ കളിപ്പാട്ടങ്ങളിൽ നിന്ന് തഞ്ചാവൂർ ബൊമ്മകളെ വ്യത്യസ്തമാക്കുന്നത് അവയുടെ സവിശേഷമായ രൂപകൽപ്പനയാണ്. ഇവ പ്രധാനമായും രണ്ട് രീതിയിലുണ്ട്:

തട്ടുതൊട്ടു ബൊമ്മകൾ (തലയാട്ടി ബൊമ്മകൾ): കാറ്റിലോ ചെറിയ സ്പർശനത്തിലോ ഇവയുടെ തലയും ഉടലും പ്രത്യേക താളത്തിൽ ആടും.

ഉരുട്ടു ബൊമ്മകൾ: അടിഭാഗം അർദ്ധഗോളാകൃതിയിലുള്ള ഇവ എത്ര തള്ളിയിട്ടാലും വീഴാതെ തിരികെ നിവർന്നു നിൽക്കും.

വീഴാത്ത ജീവിതങ്ങൾ

ഈ ബൊമ്മയുടെ ഏറ്റവും വിചിത്രമായ സവിശേഷത—അതിന്റെ തുലാസമത്വമാണ്. താഴെ ഭാഗം ഭാരം കൂടിയതും മുകളിൽ ലളിതവുമായ രൂപം, അത് എത്ര കുലുക്കിയാലും വീണ്ടും നേരെ നിൽക്കാൻ സഹായിക്കുന്നു. അത് വെറും ശാസ്ത്രമല്ല; അത് ജീവിതത്തിന്റെ ഉപമയാണ്. വീഴാതെ നിലനിൽക്കാനുള്ള ശക്തി.

ബൊമ്മയുടെ വിശേഷങ്ങൾ എന്നോട് പറയുന്നതിനിടെ രാജേന്ദ്ര പ്രഭു (കരകൗശല വിദഗ്ദ്ധൻ ) ചിരിച്ചുകൊണ്ട് ഒരു ബൊമ്മയെ നിലത്തേക്ക് തള്ളിയിട്ടു. പക്ഷേ, വീഴുമെന്ന് കരുതിയ നിമിഷം അത് ആത്മവിശ്വാസത്തോടെ നിവർന്നുനിന്നു. തോൽക്കാൻ മനസ്സില്ലാത്ത തഞ്ചാവൂരുകാരന്റെ മനക്കരുത്ത് പോലെ! ഈ ഒരു സൃഷിയിൽ നിന്നാണത്രെ മനുഷ്യന്റെ ഇച്ഛാശക്തിയുടെയും വാസ്തുവിദ്യയുടെയും വിസ്മയമായ ഭൃഹത്തീശ്വര ക്ഷേത്രമെന്ന ആശയം പോലും പിറന്നത് അദ്ദേഹം പറഞ്ഞു.

ഈ ‘ഉരുട്ടു ബൊമ്മ’കളുടെ രഹസ്യം അന്വേഷിച്ചു പോയാൽ നമ്മൾ എത്തുന്നത് ഭൗതികശാസ്ത്രത്തിന്റെ വിസ്മയങ്ങളിലേക്കാണ്. അടിഭാഗത്ത് ഭാരം കേന്ദ്രീകരിക്കുന്ന (Center of Gravity) ആ പഴയകാല സൂത്രം ഇന്നും മാറ്റമില്ലാതെ തുടരുന്നു. രാജഭരണകാലത്ത് കൊട്ടാരങ്ങളിലെ വിരുന്നുകാരെ വിസ്മയിപ്പിക്കാൻ നിർമ്മിച്ച ഈ കളിപ്പാട്ടങ്ങൾ, ഇന്നും ആധുനിക എഞ്ചിനീയറിംഗിനെ പോലും അത്ഭുതപ്പെടുത്തുന്നു.

ഈ ബൊമ്മയുടെ കുലുക്കം ഒരു ലളിതമായ ഭൗതിക ചലനമല്ല—അത് ജീവിതത്തിന്റെ ദാർശനികതയാണ്. നമ്മെ തള്ളുന്ന സാഹചര്യങ്ങൾക്കു മുന്നിൽ വീണുപോകാതെ, വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ പ്രചോദിപ്പിക്കുന്ന ഒരു ചെറിയ പ്രതീകം.

ചരിത്രം മിടിക്കുന്ന നിറക്കൂട്ടുകൾ

പതിനെട്ടാം നൂറ്റാണ്ടിൽ ശരഭോജി രാജാവിന്റെ കാലത്താണ് ഈ കലാരൂപം അതിന്റെ പൂർണ്ണതയിലെത്തിയത്. മറാഠാ ശൈലിയിലുള്ള നീളൻ കിരീടങ്ങളും, ആഭരണങ്ങളും, വിടർന്ന കണ്ണുകളുമുള്ള ‘രാജാ-റാണി’ ബൊമ്മകൾ ഇന്നും പഴയ കാലത്തിന്റെ ഗരിമ വിളിച്ചോതുന്നു. ഓരോ ബൊമ്മയ്ക്കും ഓരോ ഭാവമാണ്. ചിലത് ശാന്തം, ചിലത് നൃത്തം ചെയ്യുന്നതുപോലെ ചടുലം.
തിളങ്ങുന്ന മഞ്ഞയും, കടും ചുവപ്പും, പച്ചയും ചായങ്ങൾ പൂശി, ആഭരണങ്ങൾ വരച്ചുചേർക്കുമ്പോൾ ആ കളിമൺ പ്രതിമകൾ സംസാരിച്ചു തുടങ്ങുന്നതായി തോന്നും. ഭാരതീയ നൃത്തത്തിന്റെ ലാസ്യഭാവങ്ങൾ വിരിയുന്ന നർത്തകി ബൊമ്മകളുടെ അരക്കെട്ടിൽ തട്ടിയാൽ മതി, അവൾ ഒരു മയിൽപീലി പോലെ ആടിത്തുടങ്ങും.

മാരിയമ്മൻ കോവിലിന് അടുത്തുള്ള ആ ഗ്രാമവീഥികളിലൂടെ നടക്കുമ്പോൾ, ഓരോ വീടിന്റെയും ഉമ്മറത്ത് തലയാട്ടി നിൽക്കുന്ന നൂറുകണക്കിന് ബൊമ്മകൾ നമുക്ക് അഭിവാദ്യം അർപ്പിക്കുന്നതായി തോന്നും. ആധുനികതയുടെ അതിപ്രസരത്തിലും, തങ്ങളുടെ പൂർവ്വികർ പകർന്നുനൽകിയ ഈ വിദ്യ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ആ ഗ്രാമീണരുടെ സ്നേഹം ഈ ബൊമ്മകളുടെ പുഞ്ചിരിയിലുണ്ട്.

യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ എന്റെ ബാഗിലും ഒരു രാജാവും റാണിയുമുണ്ടായിരുന്നു. കാവേരിയുടെ മണവും മാരിയമ്മൻ കോവിലിലെ ചന്ദനഗന്ധവും പുന്നൈനല്ലൂരിലെ കലാകാരന്മാരുടെ വിയർപ്പും കലർന്ന ആ കളിമൺ ശിൽപ്പങ്ങൾ എന്റെ വീട്ടിലിരുന്ന് ഇന്നും തലയാട്ടുന്നു—തഞ്ചാവൂരിലെ ആ സുന്ദരമായ ഗ്രാമക്കാഴ്ചകളെ ഓർമ്മിപ്പിച്ചുകൊണ്ട്.

By admin