
കണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം. അതെ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി, തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങള്‍ ബാക്കിയാക്കി ആ ചുവന്ന നക്ഷത്രം ഓര്‍മ്മയായി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം. ഒടുവിൽ പൊതുദർശനം നടന്ന റിക്രിയേഷൻ ഗ്രൗണ്ടില്‍ വി എസിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയ്പ്പ് നൽകിയത് . തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങളാണ് പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്.
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണീർപ്പൂക്കളും മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങിയാണ് വിഎസ് അവസാനമായി വിപ്ലവ മണ്ണായ ആലപ്പുഴയിലേക്ക് കടന്നുവന്നത്. ‘വിഎസ് അമരനാണ്’, ‘കണ്ണേ കരളേ വിഎസേ’ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിലുടനീളം മുഴങ്ങി. പ്രായഭേദമന്യേയുള്ള ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും മണിക്കൂറുകളോളം കാത്തുനിന്നു. മഴയിലും ഒരേയൊരു നോക്ക് കാണാൻ കാത്തു നിന്ന ഓരോ മനുഷ്യന്റെയും കണ്ണീര് സാക്ഷിയാക്കി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിഎസിന്റെ സംസ്കാരം നടന്നത്.
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ സംസ്കാരത്തിന് സാക്ഷിയാകുന്നതിനായി വലിയ ചുടുകാട്ടിൽ എത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വലിയ സുരക്ഷയാണ് പൊലീസ് ഉറപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ചുടുകാട്ടിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്.