തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യഘട്ടം തിരുവനന്തപുരത്ത്.
നാളെയും മറ്റന്നാളുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും. ഇന്ന് വൈകിട്ട് 6: 45നും രാത്രി 12. 45നുമിടയിലുള്ള സമയങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ട്.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തില്‍ നട്ടം തിരിയുകയാണ് ജനം. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ വാദം. ഈ രീതിയില്‍ പ്രതിസന്ധി ഇരട്ടിയാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികള്‍ എന്ന് നേതാക്കള്‍ വിശദീകരിക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത് ചിലയിടങ്ങളില്‍ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തുവന്നു. ദേശീയ ഗ്രീഡില്‍ ഉണ്ടായ 12,000 മെഗാവാട്ടന്റെ കുറവ് ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം ആയിരം മെഗാവാട്ടിലേക്ക് അടുത്തു. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ ആളുകള്‍ കുറച്ച് നിയന്ത്രണം വരുത്തണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.