തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളിക്കിടയാക്കിയത് രമ്യാ ഹരിദാസ് എംഎല്‍എയുടെ ഗുരുതര വീഴ്ചയെന്ന് എം എം ഹസന്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് സമര്‍പ്പിച്ചു. കെപിസിസി യോഗത്തിലും രമ്യാ ഹരിദാസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. പാര്‍ട്ടിയില്‍ നിന്നുതന്നെ അവര്‍ക്കെതിരായ പ്രചാരണമുണ്ടായപ്പോള്‍ കെപിസിസിയില്‍ പരാതിപ്പെടുന്നതിന് പകരം വിവാദത്തിന് വഴിയൊരുക്കുന്ന നടപടികളാണ് ഉണ്ടായത്. ഇത് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു.
കെപിസിസി ഉപാധ്യക്ഷയും എം എല്‍ എയുമെന്ന നിലയ്‌ക്ക് പക്വമായ പെരുമാറ്റമല്ല രമ്യയുടെ ഭാഗത്തു നിന്നുണ്ടായതെന്നും നടപടി എടുക്കാഞ്ഞാല്‍ അത് പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്‌ദേശമാകുമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ സ്ത്രീയെന്ന നിലയിലും സാമുദായികമായും ഉള്ള പരിഗണന വച്ച് നടപടി താക്കീതില്‍ ഒതുക്കണമെന്ന് ചില സീനിയര്‍ നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്.