• Fri. Sep 20th, 2024

24×7 Live News

Apdin News

യുകെയിൽ തൊഴിലാളി ക്ഷാമം 1980 ന് ശേഷം ഏറ്റവും രൂക്ഷമായ നിലയിൽ; ജോലി കളഞ്ഞ് 8 ലക്ഷത്തോളം പേർ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 20, 2024


Posted By: Nri Malayalee
September 19, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തൊഴില്‍ സേനയില്‍ 1980 ന് ശേഷം വന്ന ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് നികുതി പോലുള്ള വരുമാനങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തുന്ന നഷ്ടം പ്രതിവര്‍ഷം 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് തൊഴില്‍ വിപണിയില്‍ നിന്നും അകന്ന് പോയത്. ഇവര്‍ തിരികെ എത്താത്തത് സമ്പദ്ഘടനയെ ക്ഷീണിപ്പിക്കുകയും, സര്‍ക്കാര്‍ ഖജനാവിനെ ശോഷിപ്പിക്കുകയും ചെയ്തു എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനാറ് വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴില്‍ രംഗം വിട്ടുപോയതോ തൊഴില്‍ അന്വേഷിക്കാത്തവരോ ആയി 8 ലക്ഷം പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇത്രയധികം പേര്‍ തൊഴില്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കുന്നത് ഇതാദ്യമായിട്ടാണ്. മൊത്തം ജനസംഖ്യയും, തൊഴില്‍ ചെയ്യുന്നവരുടെ എണ്ണവും തമ്മിലുള്ള അനുപാതം കോവിഡ് പൂര്‍വ്വ കാലത്തേതിന് സമാനമായി നിലനിര്‍ത്തുകയാണെങ്കില്‍, ബ്രിട്ടന്റെ സമ്പദ്ഘടനയില്‍ 25 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ ചെയ്യുന്നവര്‍ നല്‍കുന്ന നികുതിയില്‍ മാത്രം 16 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നാതിനുള്ള പദ്ധതികളെ കുറിച്ചുള്ള, ഫിനാന്‍ഷ്യല്‍ ഫെയര്‍നെസ് ട്രസ്റ്റിന്റെ ധനസഹായത്തോടെ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, ചില നിശ്ചിത പ്രായ പരിധിയിലുള്ളവര്‍ അധികമായി തൊഴില്‍ അന്വേഷിക്കുന്നത് നിര്‍ത്തിയതായി പറയുന്നു.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരില്‍ ഒരു വിഭാഗം പിന്നീട് ജോലി അന്വേഷിക്കാന്‍ തയ്യറായിട്ടീല്ല. അതേസമയം, വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം ഇതുവരെയും ഒരു തൊഴില്‍ പോലും ചെയ്യാതിരിക്കുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാവുകയാണ്. അവരില്‍ പലരും തൊഴില്‍ എടുക്കാതിരിക്കുന്നാതിന് കാരണമായി പറയുന്നത് അനാരോഗ്യമാണ്.

വികസിത രാജ്യങ്ങളില്‍ പൊതുവെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂട്ടാത്തോടെ ആളുകള്‍ തൊഴിലുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പല രാജ്യങ്ങളിലും, കോവിഡ് പൂര്‍വ്വകാലത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വിവിധ തൊഴില്‍ മേഖലയിലേക്ക് ഇറങ്ങി. അതില്‍ നിന്നും തികച്ചും വിഭിന്നമാണ് ബ്രിട്ടന്റെ സ്ഥിതി എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ടോണി വില്‍സണ്‍ പറയുന്നു. 1980 കളില്‍ ബ്രിട്ടന്‍ ദര്‍ശിച്ച അതേ പ്രതിഭാസമാണ് ഇപ്പോള്‍ കാണുന്നത്.

കല്‍ക്കരി ഖനികളും, ഉരുക്കു നിര്‍മ്മാണ ശാലകളുമൊക്കെ കൂട്ടത്തോടെ അടച്ചു പൂട്ടിയ 80 കളില്‍ ബ്രിട്ടനിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും അതികലശലായ തൊഴിലില്ലായ്മ അനുഭവപ്പെട്ടിരുന്നു. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാാധിക്കുകയും ചെയ്തു. നിലവിലെ അവസ്ഥക്ക് കാരണമായത് മുന്‍ സര്‍ക്കാരിന്റെ തൊഴിലുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളാണ് എന്നും അദ്ദേഹം പറയുന്നു.

തൊഴിലെടുക്കാന്‍ കഴിയുന്ന പ്രായപരിധിയിലുള്ളവര്‍ക്ക് ആനുകൂല്യങ്ങളും തൊഴിലില്ലായ്മ വേതനങ്ങളും മറ്റും ലഭിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ കര്‍ശനമായ വ്യവസ്ഥകള്‍ വെച്ചിരുന്നു. ഇത് തൊഴില്‍ അന്വേഷിക്കുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനെ സഹായിച്ചുള്ളു. അനന്തരഫലത്തെ കുറിച്ച് ഒരു ചിന്തയുമില്ലാതെയായിരുന്നു നിയമ നിര്‍മ്മാണം നടത്തിയതെന്നും വില്‍സണ്‍ പറയുന്നു. അതാണ് ‘പങ്കാളിത്ത പ്രതിസന്ധി’ എന്ന് വിളിക്കുന്ന നിലവിലെ അവസ്ഥയിലേക്ക് നയിച്ചത്.

By admin