• Fri. Oct 16th, 2026

24×7 Live News

Apdin News

യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഇളവുകൾ എടുത്തുകളഞ്ഞ് ട്രംപ്

Byadmin

Oct 16, 2026


വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നിയന്ത്രണങ്ങൾ. വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ (EAD) പുതുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ഇളവുകൾ പൂർണ്ണമായും നിർത്തലാക്കുന്ന പുതിയ നിയന്ത്രണങ്ങൾ ഭരണകൂടം സ്ഥിരപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ താൽക്കാലികമായി കൊണ്ടുവന്ന ഈ കടുത്ത നിരോധനമാണ് ഇപ്പോൾ യാതൊരു മാറ്റവുമില്ലാതെ സ്ഥിരനിയമമാക്കി മാറ്റിയിരിക്കുന്നത്.

മുൻപ് നിലവിലിരുന്ന നിയമപ്രകാരം വർക്ക് പെർമിറ്റിന്റെ കാലാവധി തീരുന്നതിന് മുൻപ് പുതുക്കാനായി അപേക്ഷ നൽകിയാൽ, ഇമിഗ്രേഷൻ അധികൃതരുടെ (USCIS) ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം കാരണം പുതിയ കാർഡ് ലഭിക്കാൻ വൈകിയാലും 540 ദിവസം വരെ അപേക്ഷകന് ജോലിയിൽ തുടരാമായിരുന്നു. എന്നാൽ പുതിയ ഉത്തരവോടെ ഈ ഇളവ് പൂർണ്ണമായി റദ്ദായി. ഇതോടെ നിലവിലുള്ള വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാൽ പുതിയത് കയ്യിൽ കിട്ടുന്നതുവരെ അപേക്ഷകൻ നിർബന്ധമായും ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

യു.എസിലെ എച്ച്-1ബി (H-1B) വിസ ഉടമകളുടെ പങ്കാളികളായ ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളെയാണ് ഈ തീരുമാനം ഏറ്റവും രൂക്ഷമായി ബാധിക്കുക. എച്ച്-4 (H-4) വിസയിലുള്ള ഭൂരിഭാഗം ഇന്ത്യൻ പങ്കാളികളും ഐ.ടി, ആരോഗ്യ, ധനകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത് ഇ.എ.ഡി (EAD) വർക്ക് പെർമിറ്റുകൾ വഴിയാണ്. ഇമിഗ്രേഷൻ വിഭാഗത്തിന്റെ സ്വഭാവികമായ കാലതാമസം കാരണം മാത്രം, കൃത്യസമയത്ത് അപേക്ഷ നൽകിയ നിരപരാധികളായ പ്രൊഫഷണലുകൾക്ക് പോലും ജോലി നഷ്ടപ്പെടാനും കുടുംബ വരുമാനം നിലയ്ക്കാനും ഇത് ഇടയാക്കും.

ഈ കടുത്ത നിയന്ത്രണം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തൊഴിലാളികളുടെ നിർബന്ധിത കൊഴിഞ്ഞുപോക്കും ഉൽപ്പാദന നഷ്ടവും മൂലം അടുത്ത 18 മാസത്തിനുള്ളിൽ അമേരിക്കൻ കമ്പനികൾക്ക് ഏകദേശം 3,750 കോടിയോളം രൂപയുടെ (450 ദശലക്ഷം ഡോളർ) നഷ്ടമുണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) ഔദ്യോഗിക പഠനം വ്യക്തമാക്കുന്നു. ഇതിനുപുറമെ ഫെഡറൽ പേറോൾ നികുതിയിനത്തിൽ സർക്കാരിന് 14.5 ദശലക്ഷം ഡോളറിന്റെ വരുമാനനഷ്ടവുമുണ്ടാകും.

ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നൽകുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ അനധികൃതമായി വരുമാനമുണ്ടാക്കാൻ ഇത് ദുരുപയോഗം ചെയ്തേക്കാമെന്നുമാണ് ഇതിനെതിരെ ട്രംപ് സര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായം. 2025 ജൂണിൽ കൊളറാഡോയിലെ ബൗൾഡറിൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിച്ച ഒരു വിദേശ പൗരൻ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ നയമാറ്റത്തെ ന്യായീകരിക്കുന്നത്. എന്നാൽ ഒറ്റപ്പെട്ട ഒരു കുറ്റകൃത്യത്തിന്റെ പേരിൽ വർഷങ്ങളായി രാജ്യത്ത് നിയമാനുസൃതമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം തകർക്കുന്നത് തികച്ചും അനീതിയാണെന്ന വിമർശനം ഇതിനകം ശക്തമായിട്ടുണ്ട്.

By admin