രാജ്യത്ത് ഇന്ധന വില വർധന അഞ്ചുദിവസത്തിനകം ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരുമായുള്ള ചർച്ചകൾ ആരംഭിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4.50 രൂപ വർധിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.വില കൂട്ടാൻ എണ്ണ കമ്പനികൾക്ക് ഉടൻ നിർദേശം നൽകിയേക്കും.
ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയും അൻപതു രൂപ വരെ വർധിപ്പിച്ചേക്കും. എണ്ണ വില കൂട്ടാൻ വലിയ സമ്മർദ്ദമാണ് എണ്ണ കമ്പനികൾ ഉയർത്തിയിക്കുന്നത്. വില കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന് വിലയിരുത്തലിലേക്ക് സർക്കാരും എത്തിയിട്ടുണ്ട്.
രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ തകർച്ച ഇന്ധന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാൽ പെട്രോൾ,ഡീസൽ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ മാസത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.