• Tue. Jul 8th, 2025

24×7 Live News

Apdin News

റഷ്യയുടെ മുൻ ഗതാഗതമന്ത്രി ജീവനൊടുക്കിയ നിലയില്‍; സംഭവം സ്ഥാനത്തുനിന്ന് പുറത്താക്കി മണിക്കൂറുകൾക്കകം

Byadmin

Jul 7, 2025





മോസ്കോ: റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റിനെ കാറിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മോസ്കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളിൽ സ്വയം വെടിയുതിർത്ത് മരിച്ചുവെന്നാണ് വിവരം. പ്രസിഡന്റ് വ്ലാദിമിർ പുതിൻ, റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

2024 മേയിലാണ് റൊമാൻ, റഷ്യയുടെ ഗതാഗത മന്ത്രിസ്ഥാനത്തെത്തുന്നത്. അതിന് മുൻപ് അഞ്ചുവർഷത്തോളം കുർസ്കിലെ ഗവർണറായിരുന്നു. യുക്രൈനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് കുർസ്ക്. മന്ത്രിപദത്തിലെത്തി ഒരുവർഷം പൂർത്തിയായതിന് പിന്നാലെയാണ് റൊമാന് പദവി നഷ്ടമായത്. സ്ഥാനത്തുനിന്ന് നീക്കംചെയ്തുവെന്ന് അറിയിച്ചുള്ള പ്രസിഡന്റിന്റെ ഉത്തരവ് റഷ്യയുടെ ലീഗൽ ഇൻ ഫർ മേഷൻ പോർട്ടലിൽ ഉണ്ടെങ്കിലും സ്ഥാനചലനത്തിന്റെ കാരണം ഇതിൽ പറഞ്ഞിട്ടില്ല. നൊവ് ഗൊരോഡ് മേഖലയുടെ ഗവർണറായിരുന്ന ആൻഡ്രെ നിക്ടിനെ ആക്ടിങ് ഗതാഗത മന്ത്രിയായി നിയമിച്ചിട്ടുണ്ട്.

റഷ്യയുടെ വ്യോമയാന, ഷിപ്പിങ് മേഖലകളിൽ പലവിധ പ്രശ്നങ്ങൾ ഉയർന്നതിന് പിന്നാലെയാണ് റൊമാന് സ്ഥാനചലനമുണ്ടായതെന്നാണ് വിവരം. ജൂലൈ അഞ്ച്-ആറ് തീയതികളിൽ റഷ്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ മുന്നൂറോളം വിമാനങ്ങളുടെ സർവീസുകൾ നിർത്തിവെക്കേണ്ടിവന്നിരുന്നു. യുക്രൈന്റെ ഡ്രോൺ ആക്രമണ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇത്. ലെനിൻ ഗ്രാഡ് ഒബ്ലാസ്റ്റിലെ ഒരു തുറമുഖത്തിൽ പൊട്ടിത്തെറിയുണ്ടാവുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് അമോണിയ വാതകച്ചോർച്ചയുമുണ്ടായി. അതേസമയം, ഗതാഗതമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല, കുർസ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് റൊമാന് പദവി നഷ്ടമാകാൻ കാരണമെന്നും വാദങ്ങളുണ്ട്.



By admin