• Sat. Sep 21st, 2024

24×7 Live News

Apdin News

ലബനനിലേക്ക് ആക്രമണവുമായി ഇസ്രയേൽ; പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയിൽ മധ്യപൂർവദേശം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 21, 2024


Posted By: Nri Malayalee
September 20, 2024

സ്വന്തം ലേഖകൻ: പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരകൾക്കു പിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ പശ്ചിമേഷ്യ സമ്പൂർണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തിൽ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി.

ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്യമായ അപകടസാധ്യത മുന്നിലുണ്ട്. വടക്കൻ ഇസ്രയേലിലുള്ളവർ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നത് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കാലം കഴിയുന്തോറും ഹിസ്ബുള്ള വലിയ വില നൽകേണ്ടിവരുമെന്നും ​ഗാലന്റ് മുന്നറിയിപ്പ് നൽകി.

ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചർ ബാരലുകളുമുൾപ്പെടെ തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചിരുന്നു. അതേസമയം, പേജർ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയുമായി 11 മാസമായിത്തുടരുന്ന സംഘർഷത്തിനിടെ വടക്കൻ അതിർത്തിയിൽനിന്ന് പലായനംചെയ്ത പതിനായിരക്കണക്കിന് ഇസ്രയേലുകാരെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കുമെന്ന് ബുധനാഴ്ചത്തെ സുരക്ഷായോഗത്തിനുശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞചെയ്തിരുന്നു.

അതേസമയം, ആക്രമണത്തിന് ഇസ്രയേലിനെ തക്കതായി ശിക്ഷിക്കുമെന്നായിരുന്നു ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള വ്യക്തമാക്കിയത്. ഇസ്രയേൽ നടത്തിയത് യുദ്ധകുറ്റകൃത്യമാണ്. മുഴക്കിയത് യുദ്ധകാഹളമാണ്. ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാകുംവരെ ഇസ്രയേലിനുനേരേയുള്ള ചെറുത്തുനിൽപ്പ് തുടരുമെന്നും നസ്രള്ള പറഞ്ഞു.

പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ വ്യാഴാഴ്ച ഇസ്രയേൽ വ്യോമാക്രമണവും നടത്തിയിരുന്നു. തെക്കൻ ലെബനനിലെ ചിഹിനെ, തയിബെ, ബിൽദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രയേൽ ബോംബിട്ടത്. തുടർന്നുണ്ടായ ഹിസുബുള്ളയുടെ തിരിച്ചടിയിൽ പടിഞ്ഞാറൽ ഗലീലിയിലെ യാരയിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.

By admin