• Fri. Aug 28th, 2026

24×7 Live News

Apdin News

വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു

Byadmin

Aug 28, 2026


വിഖ്യാത തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു (73) അന്തരിച്ചു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. നടി കരാട്ടെ കല്യാണിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് വൈകുണ്ഡ മഹാപ്രസ്ഥാനം ശ്മശാനത്തിലാണ് സംസ്കാരം.

തെലുങ്ക് താരം ചിരഞ്ജീവി ഉൾപ്പെടെ സിനിമാമേഖലയിലെ നിരവധി പ്രമുഖർ നാരായണ റാവുവിനെ അനുസ്മരിച്ചു. “മുതിർന്ന അഭിനേതാവും നിർമാതാവും എന്റെ പ്രിയ സുഹൃത്തുമായ ജി.വി. നാരായണ റാവു ഗാരു ഇനിയില്ലെന്ന വാർത്ത എന്നെ തീരാത്ത ആഘാതത്തിലാഴ്ത്തിയിരിക്കുന്നു. 1976ൽ പുറത്തിറങ്ങിയ ‘അന്തുലേനി കഥ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധിയായ സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും തന്റെ തനതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടാൻ അദ്ദേഹത്തിന് സാധിച്ചു.

നാരായണ റാവു ഗാരുവുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നെ നായകനാക്കി ‘ദേവാന്തകുഡു’, ‘യമുഡികി മൊഗുഡു’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച നിർമാതാവ് എന്ന നിലയിൽ, അദ്ദേഹത്തോടൊപ്പമുള്ള എന്റെ യാത്ര ഒട്ടനവധി മധുരസ്മരണകൾ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നു,” ചിരഞ്ജിവി എക്സിൽ കുറിച്ചു.

പ്രശസ്ത ചലച്ചിത്രകാരൻ കെ. ബാലചന്ദറിന്റെ സംവിധാനത്തിൽ 1976ൽ റിലീസ് ചെയ്ത ‘അന്തുലേനി കഥ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നാരായണ റാവുവിന്റെ സിനിമാപ്രവേശം. നൂറോളം സിനിമകളിലും നിരവധിയായ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. ‘ചിലകമ്മ ചെപ്പിന്ദി’, ‘മുത്യാല പല്ലകി’, ‘ഗ്യാങ് ലീഡർ’, ‘ഹിറ്റ്‌ലർ’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. പിന്നീട് ടെലിവിഷൻ മേഖലയിലേക്ക് ചുവടുമാറി. ‘പസുകു കുങ്കുമ’, ‘സുന്ദരകാണ്ഡ’ തുടങ്ങിയ ഹിറ്റ് പരമ്പരകളിലെ കഥാപാത്രങ്ങൾ റാവുവിന്റെ ജനപ്രീതി വർധിപ്പിച്ചു.

By admin