• Thu. Jul 9th, 2026

24×7 Live News

Apdin News

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

Byadmin

Jul 9, 2026



വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രളയക്കെടുതിയില്‍ രാജ്യതലസ്ഥാനം. ഡല്‍ഹി-എന്‍സിആറിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥവകുപ്പ് ബുധനാഴ്ച ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ സദര്‍ ബസാര്‍, നര്‍സിപുര്‍, ഗ്രേറ്റര്‍ കൈലാഷ്, ബദര്‍പുര്‍, തെലിവാര, മഹാവിര്‍ ബസാര്‍, സ്വരൂപ് നഗര്‍, കുഷക് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോത്തക് റോഡില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐടിഒയിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. റിങ് റോഡിലും ഔട്ടര്‍ റിങ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഥുര റോഡ്, ഡല്‍ഹി-ഗുഡ്ഗാവ് എക്‌സ്പ്രസ് വേ, എയിംസ്, ഡല്‍ഹി-നോയിഡ ലിങ്ക് റോഡ്, മുകര്‍ബ ചൗക്ക്, സൗത്ത് എക്സ്റ്റന്‍ഷന്‍, നരെയ്‌ന, ആസാദ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹന ഗതാഗതം തടസപ്പെട്ടു.

എന്‍സിആറില്‍ ഉള്‍പ്പെടുന്ന ഹരിയാനയിലെ ഗുഡ്ഗാവില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികളോട് ഗുഡ്ഗാവ് പൊലീസ് ആവശ്യപ്പെട്ടു. നിരവധി കോര്‍പ്പറേറ്റ് കമ്പനികളുടെ കേന്ദ്രമാണ് ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഗുഡ്ഗാവ്.

ശക്തമായ മഴയില്‍ ഗുഡ്ഗാവിലെ നര്‍സിങ്പുരിന് സമീപം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത 48ന്റെ പ്രധാന പാത ഇടിഞ്ഞുതാണു. ഇതേ തുടര്‍ന്ന് റോഡിലെ രണ്ടു വരികള്‍ അടച്ചു. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത വഴി കടന്നുപോവുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയുടെ സമീപ പ്രദേശമായ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ശക്തമായ മഴ പെയ്യുന്നുണ്ട്.

By admin