• Sat. Oct 17th, 2026

24×7 Live News

Apdin News

സൗദിയിലെ സംഘര്‍ഷം: വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

Byadmin

Oct 17, 2026


റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. ജിദ്ദ, റിയാദ്, ദമാം സര്‍വീസുകളാണ് തടസപ്പെട്ടിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
അതിനുള്ള സൗകര്യം ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ സൗദിയിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 20 വരെ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടിയതായി കമ്പനി അറിയിച്ചു. ഹൂതി ആക്രമണത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. മറ്റു ചില വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടു. അതുകൊണ്ട് തന്നെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യയും ഏകസപ്രസ്സും റദ്ദാക്കി.

എയര്‍ ഇന്ത്യയുടെ പുതിയ അറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15-ന് മുന്‍പ് ടിക്കറ്റ് എടുത്തവര്‍ക്ക് തീയതി സൗജന്യമായി മാറ്റാം. ഒക്ടോബര്‍ 9 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്കാണ് ഈ അവസരം. ഇവര്‍ക്ക് നവംബര്‍ 10 വരെയുള്ള ദിവസങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം. യാത്രക്കാര്‍ക്ക് ജിസിസിയിലെ മറ്റ് വിമാനത്താവളങ്ങള്‍ വഴിയും ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ദുബായ്, ദോഹ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് അബുദാബി, മസ്‌കറ്റ്, കുവൈറ്റ്, ബഹ്‌റൈന്‍, ഷാര്‍ജ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍, ഈ വിമാനത്താവളങ്ങളിലേക്ക് എത്താനുള്ള യാത്രാ സജ്ജീകരണങ്ങളും വിസ കാര്യങ്ങളും യാത്രക്കാര്‍ തന്നെ ചെയ്യണം.

ടിക്കറ്റ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും. ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ കമ്പനികളും ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. വിമാന സര്‍വീസുകള്‍ മുടങ്ങിയത് കാരണം നിരവധി ഇന്ത്യക്കാരാണ് സൗദിയില്‍ കുടുങ്ങി കിടക്കുന്നത്. ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള നൂറുക്കണക്കിന് ആളുകള്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവര്‍ക്കായി ട്രാവല്‍ ഏജന്‍സികള്‍ സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

By admin