• Thu. May 14th, 2026

24×7 Live News

Apdin News

ഹൈക്കമാൻഡ് തീരുമാനം ശിരസാ വഹിക്കുന്നു: കെ.സി. വേണുഗോപാൽ

Byadmin

May 14, 2026


ന്യൂ ഡൽഹി: വി.ഡി. സതീശനെ കോൺഗ്രസിന്‍റെ നിയമസഭാ കക്ഷി നേതാവും കേരള മുഖ്യമന്ത്രിയുമായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനം ശിരസാ വഹിക്കുന്നു എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രഖ്യാപനത്തെ പൂർണമായും അംഗീകരിക്കുന്നു. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണു താനെന്നും, ത്രിവർണ പതാക പുതച്ച് മരിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പദവിയെക്കുറിച്ച് മുൻപ് ഉണ്ടായിരുന്ന ചർച്ചകൾക്കൊന്നും ഇനി പ്രസക്തിയില്ല. അത്തരം ചോദ്യങ്ങൾക്കൊന്നും ഇനി മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കെസി പറഞ്ഞു. കർണാടകയും തെലങ്കാനയും അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളയാളാണ് താൻ. കേരളം ആയതുകൊണ്ടു മാത്രമാണ് പ്രഖ്യാപനത്തിൽനിന്നു മാറി നിന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാം എന്ന വാഗ്ദാനം കെ.സി. വേണുഗോപാലിനു ലഭിച്ചിട്ടുണ്ടെന്നും, അതിനാലാണ് അദ്ദേഹം സമവായത്തിനു തയാറായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയാൻ അദ്ദേഹം തയറായില്ല.

എന്നാൽ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന്, നിങ്ങൾക്കു വേണമെങ്കിൽ ആ സ്ഥാനം ഒഴിയാം എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

By admin