
തനി സ്വർണം കൊണ്ട് അലങ്കരിച്ചൊരു വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ ഇന്ദോറിലാണ് ഫർണിച്ചറുകൾ മുതൽ സ്വിച്ചുകൾ വരെ സ്വർണം കൊണ്ട് പൊതിഞ്ഞ ആഡംബര വീട്. കോണ്ടന്‍റ് ക്രിയേറ്ററായ പ്രിയം സാരസ്വത് ആണ് സ്വർണ വീട് പരിചയപ്പെടുത്തിയിരിക്കുന്നത്.
10 മുറികളുള്ള വീട്ടിൽ സ്വിച്ചുകൾ ഉൾപ്പെടെ എല്ലാം 24 ക്യാരറ്റ് സ്വർണമാണ്. അതു മാത്രമല്ല ഭിത്തികളിലെ അലങ്കാരപ്പണികൾ പോലും സ്വർണം കൊണ്ടാണ്. വീടിനുപുറത്തായി ഒരു പശുത്തൊഴുത്തുമുണ്ട്. 1936 ലെ വിന്‍റേജ് മേഴ്സിഡസ് കാറുകൾ മുതൽ ഏറ്റവും പുതിയ മോഡൽ കാറുകൾ വരെ ഇവർക്ക് സ്വന്തമായിട്ടുണ്ടെന്നും ഇന്ദോറിലെ ദമ്പതികൾ പറയുന്നു.
25 അംഗങ്ങളുള്ള കുടുംബം ഒരു പെട്രൊൾ പമ്പിന്‍റെ മാത്രം വരുമാനത്തിലാണ് ആദ്യം ജീവിച്ചിരുന്നത്. പിന്നീട് കരാറെടുത്ത് റോഡുകളും പാലങ്ങളും നിർമിക്കാൻ തുടങ്ങി. ഇപ്പോൾ 300 മുറികളുള്ള ഒരു ഹോട്ടൽ നിർമിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്വർണ വീടിന്‍റെ ഉടമസ്ഥൻ പറയുന്നു.
വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. വീട് ഒരു സിനിമാ സെറ്റ് പോലെയാണെന്നും കൊട്ടാരമാണെന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്. ഇത്രയും സ്വർണമുള്ള വീടിന്‍റെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചാണ് മറ്റൊരാൾ ആകുലത പ്രകടിപ്പിച്ചിരിക്കുന്നത്.