നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ഇരുപതാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതരായിരുന്നു. ‘ദ് സീക്വൽ’ എന്നു പേരിട്ടിരിക്കുന്ന ഇരുവരുടെയും വിവാഹവിഡിയോയ്ക്ക് റെക്കോർഡ് ലൈക്കും ഷെയറുമാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഷെയറുകൾ ലഭിച്ച രണ്ടാമത്തേ വിഡിയോയാണ് ‘ദ് സീക്വൽ’ എന്നാണ് സൂര്യ ആരാധകർ പറയുന്നത്.
ലയണൽ മെസ്സിയുടെ വിരമിക്കൽ പോസ്റ്റിന് ശേഷം ഏറ്റവും കൂടുതൽ ഷെയറുകൾ ലഭിച്ച വിഡിയോ സൂര്യയുടെയും ജ്യോതികയുടേതുമാണ് എന്നും ആരാധകർ പറയുന്നു. മെസ്സിയുടെ പോസ്റ്റിന് 3.9 മില്യൻ ഷെയർ ലഭിച്ചിരുന്നു. സൂര്യ – ജ്യോതിക വിവാഹ വിഡിയോയ്ക്ക് 3.5 മില്യൻ ഷെയറാണ് ലഭിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഇല്ലെങ്കിലും സൂര്യ ആരാധകർ വിഷയം ചർച്ചയാക്കി കഴിഞ്ഞു.
വിദേശത്ത് വച്ചുനടന്ന ഇരുപതാം വിവാഹ വാർഷികാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമാമേഖലയിലെ താരങ്ങളെല്ലാം ആശംസകൾ അറിയിച്ചെത്തിയ വിഡിയോയാണ് റെക്കോർഡ് കാഴ്ചക്കാരെ നേടിയത്.
‘ദ് സീക്വൽ’ എന്ന വിവാഹച്ചടങ്ങിൽ ജ്യോതികയുടെയും സൂര്യയുടെയും മക്കളായ ദേവും ദിയയും ഉണ്ടായിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് ദമ്പതികൾ വിവാഹ പ്രതിജ്ഞയെടുത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് സൂര്യ-ജ്യോതിക ദാമ്പത്യത്തിന് ഇരുപത് വയസ് പൂർത്തിയായി. സന്തുഷ്ടകരമായ കുടുംബജീവിതം ഇരുപത് വർഷം പിന്നിടുമ്പോൾ ദമ്പതികൾ അത് ആഘോഷിച്ചത് ഒരു വിവാഹ വാഗ്ദാന പുതുക്കൽ ചടങ്ങ് പാശ്ചാത്യ ശൈലിയിൽ നടത്തിയാണ്. വിദേശത്ത് വച്ച് നടന്ന ചർച്ച് വെഡ്ഡിങിലൂടെയായിരുന്നു ഈ മനോഹരനിമിഷം അവർ പുനരവതരിപ്പിച്ചത്.”,